photo1

പാലോട്: ആ ടാർപ്പോളിൻ മേൽക്കൂരയ്ക്ക് കീഴിൽ കല്ലുകളും ഇരുമ്പ് ഷീറ്റുകളും കൊണ്ട് നിർമ്മിച്ച കുഞ്ഞ് ഭിത്തികൾക്കുള്ളിൽ നാല് ജീവനുകളുണ്ട്. മഴയെയും കാറ്റിനെയും വന്യമൃഗങ്ങളെയും പേടിച്ച് ജീവിക്കുന്ന അമ്മയും മൂന്ന് മക്കളും. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ഇലഞ്ചിയം കുറുപ്പൻകാല ദേവിനാ ഭവനിൽ ശ്രീജാകുമാരി (32), മക്കളായ ദേവിന (എട്ട്), ദേവനന്ദ (ആറ്), ആദിദേവ് (രണ്ട്) എന്നിവരാണ് ദുരുതത്തിന്റെ തടവറയിൽ ദിവസങ്ങൾ തള്ളിനീക്കുന്നത്. വാതിൽ പോലുമില്ലാത്ത കമ്പുകളും മരത്തടികൾക്കുള്ളിലാണ് ഇവർ അന്തിയുറങ്ങുന്നത്.

നാല്പത്തി രണ്ടാം വയസിൽ കൂലിപ്പണിക്കാരനായ ശ്രീജയുടെ ഭർത്താവ് അജികുമാർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതോടെയാണ് കുടുംബത്തിന്റെ കഷ്ടപ്പാടിന് ആക്കം കൂട്ടിയത്. ഇതേത്തുടർന്നാണ് ഇപ്പോഴത്തെ കുടിലിലേക്ക് താമസം മാറ്റിയത്. വൈദ്യുതി ഇല്ലാത്ത ഈ കുടിൽ കാടിനോട് ചേർന്നാണുള്ളത്. മഴയത്ത് കുടിലിലേക്കിറങ്ങുന്ന വെള്ളം പാത്രങ്ങളിൽ ശേഖരിച്ച് പുറത്തേക്ക് കളയും. ചോരാത്ത ഒരു ഭാഗത്ത് കുഞ്ഞുങ്ങളെ ഉറക്കിക്കിടത്തി ശ്രീജ കാവലിരിക്കും.

വീട്ടിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള ഞാറനീലി സർക്കാർ സി.ബി.എസ്.ഇ സ്കൂളിൽ യഥാക്രമം മൂന്നാം ക്ലാസിലും, ഒന്നാം ക്ലാസിലുമാണ് ദേവിനയും ദേവനന്ദയും പഠിക്കുന്നത്. സ്മാർട്ട് ഫോണില്ലാത്തതു കാരണം ഓൺ ലൈൻ ക്ലാസുകൾക്കായി മക്കളെ ശ്രീജ സ്കൂളിലെത്തിക്കും. തിരികെ കൊണ്ടു വരുന്നതും ശ്രീജയാണ്.

സർക്കാരിന്റെ സൗജന്യ റേഷനാണ് ഏക ആശ്രയം. സർക്കാർ പട്ടയം നൽകാത്ത ഭൂമിയിലാണ് താമസം. ഇളയ മകന് ശ്വസന സംബന്ധമായ അസുഖമുള്ളതിനാൽ തൊഴിലുറപ്പ് ജോലിക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയിലാണ് പ്ലസ് ടു വരെ പഠിച്ച ശ്രീജയ്ക്ക്.

വീടിനായി ലൈഫ് ഭവന പദ്ധതിയിലുൾപ്പെടുത്താൻ നൽകിയ അപേക്ഷ വീട്ട് നമ്പരില്ലാത്തതിനാൽ തള്ളിയിരുന്നു. തുടർന്ന് രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് പഞ്ചായത്ത് അധികൃതർ വീട്ട് നമ്പർ നൽകി. തുടർന്ന് വീണ്ടും ലൈഫ് പദ്ധതിയിൽ വീടിനായി അപേക്ഷ നൽകി. കയറിക്കിടക്കാൻ അടച്ചുറപ്പുള്ള ഒരു വീട് ലഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ കുടുംബം.