പൂവാർ: കൊവിഡ് രോഗവ്യാപനത്തെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണായി തുടരുന്ന തീരദേശ മേഖലയിൽ നിലവിലെ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന ആവശ്യം ശക്തമാകുന്നു. രോഗവ്യാപനം സാമൂഹ്യ വ്യാപനത്തിലേക്ക് കടന്നതോടെ ജില്ലയിലെ തീരദേശ മേഖലയെ മൂന്ന് സോണുകളായി മാറ്റിയിരുന്നു. അതിൽ കുളത്തൂർ, പൂവാർ, കരുംകുളം, കോട്ടുകാൽ തുടങ്ങിയ ഗ്രാമ പഞ്ചായത്തുകളെ ഉൾപ്പെടുത്തിയാണ് സോൺ - 3 രൂപീകരിച്ചത്. ഇതിന്റെ ആസ്ഥാനമായി പൂവാർ കെ.എസ്.ആർ.ടി.സി ന്യൂ ഡിപ്പോയെ മാറ്റി.
4 പഞ്ചായത്തുകളിലും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തുടക്കം മുതൽ തന്നെ പ്രവർത്തനമാരംഭിച്ചു. എല്ലാ ദിവസവും ആന്റിജൻ ടെസ്റ്റിനുള്ള സൗകര്യമൊരുക്കി. പഞ്ചായത്തുകളുടെ പ്രവേശന കവാടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തി. അന്യസംസ്ഥാനങ്ങളിൽ നിന്നും കടന്നുവരുന്ന വാഹനങ്ങളെ ഫയർഫോഴ്‌സിന്റെ സഹായത്തോടെ അണുവിമുക്തമാക്കി. ബാങ്കുകൾ, എ.ടി.എം കൗണ്ടറുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയിടങ്ങൾ അണുവിമുക്തമാക്കി. ആളുകൾ കൂട്ടം കൂടാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. വ്യാപാരി വ്യവസായി സംഘടനകളുമായി കൂടിയാലോചിച്ച് കടകൾ തുറക്കാനും അടയ്ക്കാനുമുള്ള സമയങ്ങളിൽ ക്രമീകരണം വരുത്തി. സന്നദ്ധ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, ഇടവക പ്രതിനിധികൾ തുടങ്ങിയവരുമായി കൂടിയാലോചിച്ച് ഉടലെടുത്ത പ്രശ്നങ്ങൾക്ക് സമവായമുണ്ടാക്കാനും തീരം ഒഴിപ്പിക്കുകയും ചെയ്തു. ഇടവകയുടെ നേതൃത്വത്തിൽ മൈക്ക് സെറ്റുവഴി ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. ഹോം ക്വാറന്റെനിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം എത്തിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സാമൂഹ്യ അടുക്കളകൾ സജ്ജമാക്കി. മരുന്നുകൾ എത്തിക്കാൻ സന്നദ്ധ പ്രവർത്തകരെ ചുമതലപ്പെടുത്തി. ഇങ്ങനെ ഈ കൊവിഡ് കാലത്ത് തീരദേശ മേഖലയിൽ ശക്തമായ ഇടപെടൽ നടത്താൻ കഴിഞ്ഞതിനാലാണ് രോഗവ്യാപനതോത് കുറച്ചു കൊണ്ടുവരാനായതെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.