കല്ലമ്പലം: കനത്ത മഴയിൽ നാവായിക്കുളം കുടവൂരിലെ കൊയ്യാനുള്ള നെൽപ്പാടങ്ങൾ വെള്ളത്തിലായതോടെ കർഷകരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും കണ്ണീരിലായി. കടംവാങ്ങിയും പലിശയ്ക്കെടുത്തുമാണ് മിക്ക കർഷകരും കൃഷിയിറക്കിയത്. കൃഷി നശിച്ചതോടെ വായ്പ തിരിച്ചടവടക്കം മുടങ്ങി.
കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ധാരാളം കർഷകരാണ് നാവായിക്കുളം പഞ്ചായത്തിലുള്ളത്. പക്ഷേ കനത്ത മഴയിൽ വിളവെടുക്കാറയ നെല്ല്, വാഴ, കിഴങ്ങു വർഗം, പച്ചക്കറി തുടങ്ങിയ കൃഷികൾ വെള്ളം കയറി നശിക്കുകയായിരുന്നു. വെള്ളത്തിലായ നെൽക്കതിരുകൾ മുളച്ചു തുടങ്ങി.
കുടവൂർ രഞ്ചു ഭവനിൽ രവീന്ദ്രനാശാരി, റോഡുവിള വീട്ടിൽ ചന്ദ്രിക, കരിമ്പുവിള സ്വദേശികളായ അലിയാരുകുഞ്ഞ്, സിദ്ദിഖ്, കുടവൂർ കല്ലറവീട്ടിൽ ബാബു തുടങ്ങി ഒട്ടേറെ കർഷകരുടെ വിളകളാണ് മഴയിൽ നശിച്ചത്. 2018 - 19ൽ നാവായിക്കുളം പഞ്ചായത്തിൽ നിന്ന് കർഷകശ്രീ അവാർഡ് നേടിയ രവീന്ദ്രനാശാരിയുടെ നാൽപ്പത് വാഴകൾ, മരച്ചീനി, പയർ, വെണ്ട, ചീര തുടങ്ങിയവയും, പത്തുപറ കണ്ടത്തിലെ നെൽക്കൃഷിയും പൂർണമായും നശിച്ചു.
മഴ മാറുമെന്നും പാടങ്ങളിൽ നിന്ന് വെള്ളമിറങ്ങുമെന്നുമുള്ള പ്രതീക്ഷയിലാണ് കർഷകർ. വെള്ളമിറങ്ങിയാൽ കുറച്ച് കറ്റകൾ കൊയ്യാനാകും. എന്നാൽ മഴ തുടർന്നാൽ വൻ സാമ്പത്തിക ബാധ്യത കർഷകർക്കുണ്ടാകും. സമയാസമയങ്ങളിൽ തോടുകളും നീർച്ചാലുകളും വൃത്തിയാക്കി ഒഴുക്ക് സുഗമമാക്കാത്തതിനാലാണ് പാടങ്ങളിൽ വെള്ളം കയറുന്നത്.
' സ്വകാര്യ വ്യക്തികൾ കൈയേറിയതോടെ തോടിന്റെ വലിപ്പം കുറഞ്ഞു. ഇത് വെള്ളം കരകവിഞ്ഞൊഴുകാൻ കാരണമായി. പഞ്ചായത്തിന്റെ ഒത്താശയോടെയാണ് കൈയേറ്റമെന്നും ആക്ഷേപമുണ്ട്. കടക്കെണിയിലായ കർഷകരെ സഹായിക്കാൻ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ഭാഗത്തു നിന്ന് നടപടിയുണ്ടാകണം".
- എസ്. മോഹൻദാസ്,
കുടവൂർ പാടശേഖരസമിതി സെക്രട്ടറി