തിരുവനന്തപുരം: പാളയം കണ്ണിമാറ മാർക്കറ്റ് നവീകരണം തുടങ്ങാൻ നടപടികൾ നടക്കുമ്പോഴും ആശയക്കുഴപ്പം തീരാതെ നഗരസഭ. നവീകരണ ടെൻഡർ ബലക്ഷയം ഉണ്ടെന്നു കണ്ടെത്തിയ പാലാരിവട്ടം പാലം നിർമ്മിച്ച കരാറുകാർക്ക് ലഭിച്ചതോടെ കമ്പനിയെ തള്ളണോ കൊള്ളണോ എന്ന ആശയകുഴപ്പത്തിലാണ് അധികൃതർ. ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയിരിക്കുന്നത് ഈ കമ്പനിയാണ്. കുറഞ്ഞ തുക രേഖപ്പെടുത്തിയവർക്ക് നിർ‌മ്മാണച്ചുമതല നൽകാൻ മറിച്ച് ചിന്തിക്കേണ്ടതില്ലെങ്കിലും വിവാദ കമ്പനിയായതിനാൽ തീരുമാനം എടുക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് ഫയൽ കൈമാറിയിരിക്കുകയാണ് സ്മാർട്ട് സിറ്റി അധികൃതർ.

മൂന്ന് കമ്പനിയാണ് ടെൻഡറിൽ പങ്കെടുത്തത്

82 കോടി രൂപയായിരുന്നു ടെൻഡർ തുക

 കുറഞ്ഞ തുകയാണ് (81 കോടി)​ പാലാരിവട്ടം പാലത്തിന്റെ കരാറുകാർ നൽകിയിരിക്കുന്നത്

രണ്ടാമത്തെ കമ്പനി 83 കോടിയും മൂന്നാമത്തെ കമ്പനി 85 കോടി രൂപയ്ക്കും ക്വോട്ട് ചെയ്തു

കുറഞ്ഞ തുക രേഖപ്പെടുത്തിയ ആദ്യ രണ്ട് കമ്പനിയും തമ്മിൽ രണ്ട് കോടിയോളം രൂപയുടെ വ്യത്യാസമുണ്ട്

 കമ്പനി കരിമ്പട്ടികയിലില്ല

പാലാരിവട്ടം പാലം നിർമ്മാണത്തിലെ അഴിമതിയുടെ പേരിൽ ഏറെ പഴി കേട്ടതാണെങ്കിലും ഈ കമ്പനി ഇതുവരെ സർക്കാർ കരിമ്പട്ടികയിൽ പെടുത്തിയിട്ടില്ല. ഇത്തരത്തിൽ വിലക്കുകളില്ലാത്തതിനാൽ ടെൻഡറുകളിൽ പങ്കെടുക്കാൻ ഈ കമ്പനിക്ക് അവകാശമുണ്ട്. കുറഞ്ഞ തുക രേഖപ്പെടുത്തിയതിനാൽ ഇവരെ തള്ളി രണ്ടാമത് കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനിക്ക് നിർമ്മാണച്ചുമതല നൽകുന്നതിൽ നിയമപ്രശ്നമുണ്ടെന്നാണ് വിലയിരുത്തൽ. ടെൻഡർ അംഗീകരിച്ച ശേഷം കമ്പനിയെ ഒഴിവാക്കാനുമാവില്ല. ഇക്കാര്യങ്ങളൊക്കെ പരിഗണിച്ചാണ് വിഷയത്തിൽ സർക്കാർ നിലപാട് തേടുന്നത്.ടെൻഡറിൽ നിന്ന് ഒഴിവാക്കാതിരിക്കാൻ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് കമ്പനിക്കും നോട്ടീസ് നൽകിയിട്ടുണ്ട്.

 ഹൈടെക് നിർമ്മാണം

അഞ്ച് നിലകളിലായി ആധുനിക സംവിധാനങ്ങളോടെയാണ് മാർക്കറ്റ് ഒരുങ്ങുന്നത്.ആദ്യ രണ്ട് നിലയിൽ വാഹന പാർക്കിംഗ്,​ മൂന്ന് നിലകളിൽ വ്യാപാര സ്ഥാപനങ്ങൾ എന്നിങ്ങനെയാണ് മാർക്കറ്റ് മുഖം മിനിക്കുക. പതിറ്റാണ്ടുകൾ പഴക്കമുള്ള മതിലും കവാടവും അതേപടി നിലനിറുത്തും. മൂന്ന് ഭാഗത്തുനിന്നും റോഡുകളുമുണ്ടാകും. മത്സ്യമാർക്കറ്റിൽ ഫ്രീസർ അടക്കമുള്ള സംവിധാനവും പുതിയ കെട്ടിടത്തിലുണ്ട്.

വിവാദത്തിൽ ഉൾപ്പെട്ട കമ്പനിയായതിനാൽ സർക്കാരിന്റെ നിർദ്ദേശമില്ലാതെ തുടർനടപടികളിലേക്ക് കടക്കാനാവില്ല. കരിമ്പട്ടികയിൽ ഉൾപ്പെട്ടതായിരുന്നെങ്കിൽ ഈ കമ്പനിയെ തള്ളി അടുത്ത ടീമിനെ കരാർ ഏൽപ്പിക്കാമായിരുന്നു.സർക്കാർ നിർദേശം ലഭിച്ചതിന് ശേഷം മുന്നോട്ടുപോകാനാണ് തീരുമാനം.

- പാളയം രാജൻ

നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ