മാള: ചരിത്രത്തിന്റെ കയ്യൊപ്പ് പതിഞ്ഞ മാളക്കടവിലേക്ക് അര നൂറ്റാണ്ടിന് ശേഷം മുസ്‌രിസിന്റെ യാത്രാ ബോട്ടെത്തി. മുസ്‌രിസ് പദ്ധതിയുടെ ഭാഗമായി മാളക്കടവിലേക്ക് ബോട്ട് യാത്ര അടക്കമുള്ളവ തുടങ്ങുന്നതിന്റെ മുന്നോടിയായാണ് കോട്ടപ്പുറത്ത് നിന്ന് പരീക്ഷണാടിസ്ഥാനത്തിൽ ബോട്ട് എത്തിയത്. മാളക്കടവിൽ വീണ്ടും ബോട്ട് എത്തിയപ്പോൾ മുമ്പ് ഇതുവഴി വ്യാപാര ആവശ്യത്തിനായി യാത്ര ചെയ്തിരുന്നവർ ആകാംഷയോടെ കാണാനെത്തി. അക്കാലത്ത് സ്വകാര്യ ബോട്ടുകളിൽ മാറിക്കയറിയാണ് കൊച്ചിയിലും ആലപ്പുഴയിലും പോയിരുന്നത്. അര നൂറ്റാണ്ടിനിപ്പുറം മാളക്കടവിൽ ബോട്ടെത്തിയപ്പോൾ ഇവർക്ക് പഴയ ഓർമ്മകളാണ് മനസ്സിൽ തെളിഞ്ഞത്. മാളയിൽ നിന്ന് കോട്ടപ്പുറം ചന്തയിലേക്കും കൊച്ചിയിലേക്കും കച്ചവട ആവശ്യങ്ങൾക്ക് മാളക്കടവിൽ നിന്ന് യാത്ര ചെയ്തിരുന്നുവെന്ന് പ്രായമായർ ഓർത്തു പറഞ്ഞു. വിവാഹങ്ങൾക്കും സമ്മേളനങ്ങൾക്കും കൊച്ചിയിലേക്കും ആലപ്പുഴയിലേക്കും വരെ ഇവിടെ നിന്ന് ബോട്ട് യാത്ര ചെയ്ത കഥകളും ചിലർ ഓർത്തെടുത്തു.
മുസ്‌രിസ് പദ്ധതിയുടെ ഭാഗമായി കടവിൽ ബോട്ട് ജെട്ടിയും സൗന്ദര്യവൽക്കരണവും നടത്തും. ബോട്ട് യാത്രാ സൗകര്യം കൂടി ഒരുക്കിയാൽ വിനോദ സഞ്ചാര മേഖലയായി മാള മാറുമെന്നാണ് പ്രതീക്ഷ. മുസ്‌രിസ് പദ്ധതിയിൽ ഉൾപ്പെടുത്തി മാളയിലെ യഹൂദ സിനഗോഗ് പുനരുദ്ധാരണവും ശ്‌മശാന സ്ഥലം ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുന്ന നിർമ്മാണവും പുരോഗമിക്കുകയാണ്. ഒന്നേമുക്കാൽ കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.
'കോട്ടപ്പുറത്ത് നിന്ന് ഒരു മണിക്കൂർ 20 മിനിറ്റ് സമയമെടുത്താണ് മാളക്കടവിൽ ബോട്ടെത്തിയത്. ചാലിന്റെ വശങ്ങളിൽ ചെറുതായും മറ്റൊരു സ്ഥലത്ത് വൈദ്യുത കമ്പി വീണും തടസങ്ങൾ ഉണ്ടായിരുന്നു. അല്ലെങ്കിൽ ഒരു മണിക്കൂർ സമയത്തിനകം മാളക്കടവിൽ എത്തുമായിരുന്നു. പരീക്ഷണ യാത്ര വിജയകരമായിരുന്നു. വിനോദ സഞ്ചാരത്തിന് ഏറെ പ്രയോജനപ്പെടുന്നതാണ് മാളക്കടവും അതിന്റെ വികസനവും'.
പി.എം.നൗഷാദ്
മുസ്‌രിസ് പദ്ധതി മാനേജിംഗ് ഡയറക്ടർ
'യഹൂദർ അടക്കമുള്ളവർ മാളയിലേക്ക് എത്തിയതും വിദേശികൾ കച്ചവടത്തിനായി ഉപയോഗിച്ചതും മാളക്കടവിനെയാണ്. ആ ചരിത്രങ്ങൾ വരും തലമുറയ്ക്ക് പ്രയോജനപ്പെടുത്തുന്ന തരത്തിൽ പുനർനിർമ്മിക്കും. അതിനുള്ള പദ്ധതികൾ മുസ്‌രിസ് പദ്ധതിയിൽ വേഗത്തിൽ നടപ്പാക്കും'.
അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എ.