കല്ലമ്പലം: കാലപ്പഴക്കം കൊണ്ട് ജീർണിച്ച മടവൂർ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി സ്മാർട്ട് വില്ലേജ് ഓഫീസിനായി കെട്ടിടനിർമാണം തുടങ്ങിയെങ്കിലും പണി പാതിവഴിയിൽ തന്നെയാണ്. എട്ടുമാസം മുമ്പാണ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നടത്തിയത്. പുതിയ വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിന് 44ലക്ഷം രൂപയാണ് അനുവദിച്ചത്. ഒരു വർഷം മുമ്പ് ഓഫീസിന്റെ പ്രവർത്തനം മടവൂർ ഹൈസ്കൂൾ ജംഗ്ഷനു സമീപമുള്ള മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലേക്കു മാറ്റിയ ശേഷമാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നത്. നാവായിക്കുളം പഞ്ചായത്തിലെ കുടവൂർ വില്ലേജ് ഓഫീസ് കെട്ടിടനിർമ്മാണവും ഇതോടൊപ്പമാണ് തുടങ്ങിയത്. രണ്ട് വില്ലേജ് ഓഫീസുകളുടെയും നിർമ്മാണം ഏറ്റെടുത്ത കമ്പനി കരാർ മറ്റൊരു ഗ്രൂപ്പിനെ ഏല്പിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ആക്ഷേപം. കുടവൂർ വില്ലേജ് ഓഫീസ് നിലവിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ മുടങ്ങികിടന്ന വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. എന്നാൽ മടവൂരിലെ സ്ഥിതി നേരെ മറിച്ചാണ്. തറക്കല്ലിട്ടിടത്ത് പുല്ല് കിളിർത്തതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. ലോക്ക് ഡൗൺ വന്നതോടെ ബില്ലുകൾ മാറുന്നതിനു കാലതാമസമായപ്പോൾ കരാറുകാർ പണി നിറുത്തിയെന്നും ആരോപണമുണ്ട്. പണി തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപ്പായില്ല. ഇപ്പോൾ മറ്റൊരു ഗ്രൂപ്പിന് കരാർ മാറ്റി നൽകിയിട്ടുണ്ടെന്നും കുടവൂർ വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ആദ്യഘട്ടം പൂർത്തിയായ ശേഷം മടവൂർ ഓഫീസ് മന്ദിരത്തിന്റെ തുടർപണികൾ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.