മെഗാഹിറ്റായ ജെന്റിൽമാന്റെ രണ്ടാം ഭാഗം ജെന്റിൽമാൻ - 2 നിർമ്മിച്ച് തിരിച്ചുവരവിനൊരുങ്ങുന്ന കെ.ടി. കുഞ്ഞുമോൻ മനസ് തുറക്കുന്നു.
താരങ്ങളെപ്പോലെ ആരാധകരെ സ്വന്തമാക്കിയ നിർമ്മാതാവാണ് കെ.ടി. കുഞ്ഞുമോൻ.ജെന്റിൽമാൻ, കാതലൻ തുടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമയ്ക്ക് 'ബ്രഹ്മാണ്ഡം" എന്ന പദം പരിചയപ്പെടുത്തിയത് കെ.ടി. കുഞ്ഞുമോനാണ്.തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന ജെന്റിൽമാൻ - 2 ന്റെ പണിപ്പുരയിലാണ് കെ.ടി. കുഞ്ഞുമോൻ ഇപ്പോൾ.
ജെന്റിൽമാൻ കുഞ്ഞുമോൻ എന്ന വിളിപ്പേരുള്ള കെ.ടി. കുഞ്ഞുമോൻ സംസാരിച്ചു.
''അടുത്ത കാലത്താണ് ഞാൻ സോഷ്യൽ മീഡിയയിൽ ആക്ടീവായത്. ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലൂടെയുമൊക്കെ ഒരുപാട് പേർ എന്നോട് ചോദിച്ചു: ''സർ... ജെന്റിൽമാന്റെ രണ്ടാം ഭാഗം ചെയ്ത് കൂടേ"യെന്ന്. ഇന്ത്യയ്ക്കകത്തും പുറത്തും ഫാൻസുള്ള ഒരു നിർമ്മാതാവാണ് ഞാനെന്നാണ് പറയപ്പെടുന്നത്. അവരൊക്കെ ആവശ്യപ്പെട്ടപ്പോഴാണ് ജെന്റിൽമാന്റെ രണ്ടാം ഭാഗമെന്ന ചിന്ത മനസിൽ വന്നത്. രണ്ട് മൂന്ന് വർഷമായി ഞാനാ ആശയത്തിന് പിന്നാലെയാണ്." കെ.ടി. കുഞ്ഞുമോൻ പറഞ്ഞു.
ജെന്റിൽമാൻ - 2 ന്റെ തിരക്കഥയെഴുതുന്നതാരാണ്?
കഥ എന്റേതാണ്. സ്‌ക്രിപ്റ്റ് എഴുതുന്നത് മറ്റൊരാളാണ്.
ജെന്റിൽമാൻ -2 കഴിഞ്ഞ ദിവസം അനൗൺസ് ചെയ്തു.പക്ഷെ താരങ്ങളെക്കുറിച്ചോ സാങ്കേതിക പ്രവർത്തകരെക്കുറിച്ചോ
സൂചനയൊന്നുമില്ല.
ജെന്റിൽമാൻ -2ൽ പഴയ ആൾക്കാരും പുതിയ ആൾക്കാരുമുണ്ടാകും. കൊവിഡിന്റെ ഭീതി ഒഴിയുമ്പോൾ താരങ്ങളുടെയും ടെക്നിഷ്യൻമാരുടെയും പേര് അനൗൺസ് ചെയ്യും.
ജെന്റിൽമാൻ - 2 ന്റെയും സംഗീത സംവിധായകൻ എ.ആർ. റഹ്മാനായിരിക്കുമോ?
എന്റെ സിനിമയിലൂടെ വലിയ പേരും പെരുമയും നേടിയ ആളാണ് എ.ആർ. റഹ്മാൻ. പത്തിരുപത്തിയെട്ട് വർഷമായി ഞങ്ങൾ കുടുംബസുഹൃത്തുക്കളാണ്. ഒരു സഹോദരനെപ്പോലെയാണ് ഞാൻ എ.ആർ. റഹ്മാനെ സ്നേഹിക്കുന്നത്. റഹ്മാനുമായി ജെന്റിൽമാൻ - 2 നെക്കുറിച്ച് ഞാൻ സംസാരിച്ച് കഴിഞ്ഞു. എ.ആർ. റഹ്മാൻ തന്നെയായിരിക്കും ജെന്റിൽമാൻ - 2ന്റെയും സംഗീത സംവിധായകൻ.
ഷൂട്ടിംഗ് എന്ന് തുടങ്ങും?
2021 ഫെബ്രുവരിയിൽ തുടങ്ങാനാണ് പ്ളാൻ. 2021 ഡിസംബറിൽ റിലീസ് ചെയ്യണമെന്നുണ്ട്.
ജെന്റിൽമാന്റെ സംവിധായകൻ ഷങ്കറിനോട് സംസാരിച്ചോ?
ജെന്റിൽമാൻ കഴിഞ്ഞ് ഷങ്കർ ഞാൻ നിർമ്മിച്ച കാതലൻ ചെയ്തു. അഞ്ച് സിനിമകൾ ചെയ്യണമെന്നായിരുന്നു ഞങ്ങൾ തമ്മിലുള്ള വാക്കാലുള്ള എഗ്രിമെന്റ്. പക്ഷേ രണ്ട് സിനിമകൾ കഴിഞ്ഞ് ഷങ്കർ എനിക്ക് വേണ്ടി സിനിമ ചെയ്തില്ല. ഞാൻ കാതൽ ദേശം ചെയ്തു. ദൈവാനുഗ്രഹം കൊണ്ട് ഷങ്കർ വലിയ ഉയരങ്ങളിലെത്തി. ഞാനിപ്പോൾ പുള്ളിയെ ശല്യപ്പെടുത്താറില്ല. ഞാൻ നിർമ്മിക്കുന്ന സിനിമയിൽ വർക്ക് ചെയ്യുന്നവർ ആരായാലും ഞാൻ പറയുന്നത് കേൾക്കണം. നിർമ്മാതാക്കളെ ബഹുമാനിക്കുന്നവരോടൊപ്പം വർക്ക് ചെയ്യാനാണ് എനിക്കിഷ്ടം. നിർമ്മാതാവിനെ ആർട്ടിസ്റ്റുകളോ ടെക്നീഷ്യന്മാരോ ബഹുമാനിക്കാതിരുന്നാൽ എനിക്കിഷ്ടമല്ല. നിർമ്മാതാവിന് നട്ടെല്ല് വേണം. എനിക്ക് നട്ടെല്ലുണ്ട്. ഞാൻ ഇങ്ങനെ ചെയ്യണമെന്ന് പറഞ്ഞാൽ അതനുസരിക്കുന്നവർ മതി എനിക്ക്.
പണ്ടത്തെക്കാലത്ത് പണം മുടക്കുന്ന നിർമ്മാതാക്കളെ മുതലാളിയെന്നാണ് വിളിച്ചിരുന്നത്. ഇന്ന് മാറി നിന്നിട്ട് തെറി വിളിക്കും. അതാണ് വ്യത്യാസം.എനിക്ക് ഷങ്കറിനോട് ഒരു പരിഭവവുമില്ല. ഷങ്കറിനോടെന്നല്ല ആരോടും.
നിർമ്മിക്കുന്ന സിനിമകളുടെ ലൊക്കേഷനിൽ പോലും പോകാത്തയാളാണ് ഞാൻ. പൂജയ്ക്കും ആഡിയോ റിലീസിനും, ഫസ്റ്റ് കോപ്പി കാണാനും മാത്രം പോകും. എന്റെ വീട്ടിലിരുന്ന് എല്ലാ കാര്യങ്ങളും വർക്കൗട്ട് ചെയ്യാനാണ് എനിക്കിഷ്ടം.
ജെന്റിൽമാൻ 2 ചെയ്യുന്ന കാര്യം ഷങ്കറിനെ അറിയിച്ചിരുന്നോ?
പുള്ളിയൊക്കെ ബിസിയല്ലേ വിളിച്ചാലും തിരക്കായിരിക്കും. ശല്യപ്പെടുത്താറില്ല. ഒരാൾ ഒരുപാട് വളർന്ന് കഴിഞ്ഞാൽ അയാളെ ശല്യപ്പെടുത്താതിരിക്കുന്നതാണ് നല്ലത്.
സിനിമയിൽ നിന്ന് കുറച്ച് കാലം മാറിനിന്നതെന്തുകൊണ്ടാണ്?
കുറച്ച് ഇൻകംടാക്സ് റെയ്ഡൊക്കെ വന്നു. എന്റെ പ്രോപ്പർട്ടികളൊക്കെ അറ്റാച്ച് ചെയ്തു. പഴയ മുഖ്യമന്ത്രി ജയലളിതാമ്മയുടെ പാർട്ടിയിലുണ്ടായിരുന്ന പേരിലായിരുന്നു പ്രശ്നങ്ങളൊക്കെ.
എതിരാളികളായിരുന്നു പിന്നിൽ?
എതിരാളികളെന്ന് പറയാൻ പറ്റില്ല. അവരെല്ലാം എന്റെ സഹോദരങ്ങളാണ്. സുഹൃത്തുക്കളാണ്. എനിക്ക് ശത്രുക്കളില്ല. എന്റെ ശത്രു ഞാൻ തന്നെയാണ്.