ആറ്റിങ്ങൽ: ക്വാറന്റൈൻ സൗകര്യമില്ലാത്ത ആറ്റിങ്ങലിലെ വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുമെന്ന് നഗരസഭാ ചെയർമാൻ എം. പ്രദീപ് പറഞ്ഞു. നഗരത്തിൽ സമ്പർക്ക വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നടത്തിയ അടിയന്തര യോഗത്തിലാണ് തീരുമാനം. പത്തിലധികം ജീവനക്കാർ ജോലിചെയ്യുന്ന സ്ഥാപനങ്ങളോടാണ് സ്വന്തമായി ക്വാറന്റൈൻ സംവിധാനം ഒരുക്കാൻ ആവശ്യപ്പെട്ടത്. നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുന്നവർക്ക് പ്രത്യേക മുറിയും ടോയ്‌ലെറ്രും ഒരുക്കണം. ഭക്ഷണം, അവശ്യ സാധനങ്ങൾ എന്നിവയും സ്ഥാപന ഉടമകൾ തന്നെ ഒരുക്കി നൽകണം. മൂന്ന് ദിവസത്തിനുള്ളിൽ ഈ നിർദ്ദേശം നടപ്പിലാക്കാത്ത സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കില്ലെന്നും ചെയർമാൻ അറിയിച്ചു.

നഗരസഭാ സെക്രട്ടറി എസ്. വിശ്വനാഥൻ, ഡെപ്യൂട്ടി തഹസിൽദാർ വേണു, ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസ്, ഹെൽത്ത് സൂപ്പർവൈസർ ബി. അജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

സെന്റിനൽ സർവേ നടത്തും

നഗരത്തിലെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ കേന്ദ്രത്തിന്റെ പ്രവർത്തനം ഈ മാസം 19ന് അവസാനിപ്പിക്കും. തുടർന്ന് കെട്ടിടം അണുവിമുക്തമാക്കി സി.എസ്.ഐ മാനേജ്മെന്റിന് തിരികെ കൈമാറും. രോഗവ്യാപന തോത് മനസിലാക്കുന്നതിന്റെ ഭാഗമായി വരുംദിവസങ്ങളിൽ വിവിധ വാർഡുകളിലായി സെന്റിനൽ സർവേ സംഘടിപ്പിക്കും. ജനത്തിരക്കേറിയ പ്രദേശങ്ങളിലെ സ്ഥാപനങ്ങൾ വ്യാപാരശാലകൾ, കോളനികൾ, പൊതുഗതാഗത മേഖലകൾ, സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർക്കാണ് പരിശോധനയിൽ മുൻഗണന.