എന്നും വിവാദങ്ങൾ കൂട്ടായിരുന്ന കങ്കണ റണാവത്ത് ഇപ്പോൾ മഹാരാഷ്ട്ര സർക്കാരുമായാണ് കൊമ്പ് കോർക്കുന്നത്. ബോളിവുഡ് നടി എന്നതിലുപരി തന്റെ അഭിപ്രായങ്ങൾ എവിടെയും വെട്ടിത്തുറന്ന് പറയുന്നതിൽ കങ്കണ റണാവത് മുന്നിലാണ് . കൂടുതലായും ഹിന്ദി സിനിമകളിലാണ് കങ്കണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എങ്കിലും തമിഴ് സിനിമയിലും കങ്കണ അഭിനയിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ മണ്ടി ജില്ലയിലെ ഭംബ്ല എന്ന ഗ്രാമത്തിലായിരുന്നു ജനനം. ഡെൽഹിയിലുള്ള അസ്മിത നാടക സംഘത്തിലെ നാടകങ്ങളിലൂടെ കലാജീവിതം ആരംഭിച്ച കങ്കണ ബോളിവുഡിലെ ഒതുക്കലുകൾക്കും സ്വജനപക്ഷപാതത്തിനും ലഹരിമാഫിയയ്ക്കും എതിരെയുള്ള വിസിൽ ബ്ലോവർ എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. അതെ സമയം തന്നെ സുശാന്ത്സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിലും ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. വിവാദവും അതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളും കങ്കണയ്ക്ക് ഒരു പുത്തരിയല്ല . ആദ്യത്തെ വിവാദം നടൻ ആദിത്യ പഞ്ചോളിയുമായി ബന്ധപ്പെട്ടുള്ളതാണ്. പ്രസിദ്ധനടി സറീന വഹാബിന്റെ ഭർത്താവായ, തന്നെക്കാൾ ഇരുപതുവയസ് കൂടുതലുള്ള ആദിത്യയുമായി പ്രേമബന്ധം ഉണ്ടായിരുന്ന കാലത്ത്, തനിക്ക് അയാളിൽ നിന്ന് മർദ്ദനമേൽക്കേണ്ടി വന്നുവെന്നും വീട്ടിൽ പൂട്ടിയിട്ടിരുന്നു എന്നുമൊക്കെ കങ്കണ ആക്ഷേപം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. അതിനു പിന്നാലെ ആദിത്യക്കെതിരെ ഒരു ക്രിമിനൽ കേസും അവർ ഫയൽ ചെയ്യുകയുണ്ടായി.
അടുത്തവിവാദം, 2009ൽ ബോയ്ഫ്രണ്ട് അധ്യയൻ സുമനുമായുള്ള ബന്ധത്തിനിടെ ആയിരുന്നു. 'റാസ് – ദ മിസ്റ്ററി കണ്ടിന്യൂസ്' എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കെയാണ് സംഭവം. അന്ന് കങ്കണയുടെ ബോയ്‌ഫ്രെണ്ടിന്റെ അച്ഛനും സുപ്രസിദ്ധ ടെലിവിഷൻ താരവുമായ ശേഖർ സുമൻ, കങ്കണ തന്റെ മകനെ ദുർമന്ത്രവാദം നടത്തി മയക്കിയിരിക്കുകയാണ് എന്ന ആക്ഷേപവുമായി രംഗത്ത് വന്നിരുന്നു.
പിന്നീട് 2010 ൽ 'വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് കങ്കണ റണാത് അതിലെ നായകനടൻ അജയ് ദേവ്ഗണുമായി പ്രേമബന്ധത്തിലാണ് എന്നൊരു ഗോസിപ്പ് ബോളിവുഡിൽ ഉയർന്നുവന്നു. പിന്നീട് ഒരു ഇന്റർവ്യൂവിൽ, 'ഞാൻ ഒരിക്കലും വിവാഹിതനായ ഒരാളുമായി പ്രേമബന്ധത്തിൽ ഏർപ്പെടാൻ പാടില്ലായിരുന്നു. അത് എന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണ്' എന്ന് പറഞ്ഞിരുന്നു.
കങ്കണയും നായക നടന്മാരും തമ്മിലുള്ള വിവാദങ്ങൾ പിന്നെയും തുടർന്നുകൊണ്ടിരുന്നു. 2013 ൽ കൃഷ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഋത്വിക് റോഷനുമായി അവർ ഒരു റിലേഷൻഷിപ്പിൽ ആയി എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇക്കാര്യം ഋത്വിക് റോഷൻ പാടെ നിഷേധിച്ചെങ്കിലും "അത് തന്നെ സംബന്ധിച്ചിടത്തോളം ഒരു അടഞ്ഞ അദ്ധ്യായമാണ് " എന്നായിരുന്നു അന്ന് കങ്കണയുടെ ട്വീറ്റ് ചെയ്തത്. കങ്കണയും നായക നടന്മാരും തമ്മിലുള്ള വിവാദങ്ങൾ പിന്നെയും തുടർന്നുകൊണ്ടിരുന്നു. ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ പേരിൽ കരൺ ജോഹറുമായി, കങ്കണ ഉണ്ടാക്കിയിട്ടുള്ള വിവാദങ്ങൾ ഏറെ കോലാഹലം സൃഷ്ടിച്ചവയാണ്. ബോളിവുഡിൽ ഇന്ന് നിലനിൽക്കുന്ന നെപ്പോട്ടിസത്തിന്റെ ഉത്തരവാദികളിൽ പ്രധാനി കരൺ ജോഹർ ആണെന്നായിരുന്നു കങ്കണയുടെ ആക്ഷേപം. 'എന്നെങ്കിലും എന്റെ ഒരു ബയോപിക് ഇറങ്ങിയാൽ നിങ്ങളായിരിക്കും അതിലെ മൂവി മാഫിയക്കാരന്റെ റോളിൽ ' എന്ന കരൺ ജോഹറിനെപ്പറ്റിയുള്ള കങ്കണയുടെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവച്ചു. 'ക്വീൻ' സംവിധായകൻ വികാസ് ബെഹലിനെതിരെ ഒരു മീടു ആക്ഷേപവും കങ്കണയുടെ ഭാഗത്തുനിന്നുണ്ടായി. "കണ്ടുമുട്ടുമ്പോഴൊക്കെ വികാസ് എന്റെ കഴുത്തിൽ മുഖമമർത്തി മൂക്കുകൊണ്ട് എന്റെ ഗന്ധം വലിച്ചെടുക്കാൻ ശ്രമിച്ചിരുന്നു. എന്റെ സുഗന്ധം അയാൾക്ക് ഏറെ ഇഷ്ടമാണ് " എന്നാണ് പറഞ്ഞിരുന്നത്. അയാളുടെ ആലിംഗനത്തിൽ നിന്ന് മോചിതയാകാൻ തനിക്ക് കുറച്ചധികം പ്രയാസപ്പെടേണ്ടി വന്നിരുന്നുവെന്നാണ് കങ്കണ അതേപ്പറ്റി പറഞ്ഞത്.
മുംബൈയിൽ ജീവിക്കാൻ കഴിയില്ലെന്ന കങ്കണയുടെ പ്രസ്താവനയാണ് ഇപ്പോൾ മഹാരാഷ്ട്ര സർക്കാരുമായുള്ള തുറന്ന പോരിലേക്ക് നയിച്ചത്.