വർക്കല: തീരദേശ മേഖലയായ താഴെവെട്ടൂർ, തൊട്ടിപ്പാലം, വള്ളക്കടവ്, അരിവാളം, റാത്തിക്കൽ എന്നിവിടങ്ങളിൽ മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷം. പ്രശ്നം പരിഹരിക്കുന്നതിന് കർമ്മ പദ്ധതികൾ ആവിഷ്കരിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തോട് അധികൃതർ ഇനിയും പ്രതികരിച്ചിട്ടില്ല. രൂക്ഷമായി തുടരുന്ന വെള്ളക്കെട്ടിൽ ജനങ്ങളുടെ ജീവിതം ദുരിതമയമാണ്. വളളക്കടവ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികളാണ് കൂടുതലും താമസിക്കുന്നത്. ഇവരുടെ വീടുകൾക്കും വെള്ളക്കെട്ട് ഭീഷണിയാകുന്നുണ്ട്.
ടി.എസ് കനാലിന്റെ നവീകരണം പൂർണമായും നടപ്പാകാത്തതാണ് പ്രശ്നത്തിന് പ്രധാന കാരണം. പല ഭാഗങ്ങളിലും കനാലിന്റെ വീതികൂട്ടലും നീരൊഴുക്ക് സുഗമമാക്കലും നടപ്പാക്കിയെങ്കിലും താഴെവെട്ടൂർ പ്രദേശത്ത് ഇനിയും പദ്ധതി നടപ്പായിട്ടില്ല. ഇതാണ് മേഖലയിലെ ജനജീവിതം ദുഃസഹമാക്കുന്നത്.കനാലിൽ മലിനജലം കെട്ടിനിൽക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ഇതും പരിഹരിക്കുന്നതിനും നടപടിയില്ല. അസഹ്യമായ ദുർഗന്ധം കാരണം വീട്ടിൽ ഇരിക്കാൻ പോലും സാധിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കനാലിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനും ക്ളോറിനേഷൻ ഉൾപ്പടെ നടപ്പാക്കണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.
അടിസ്ഥാന സൗകര്യങ്ങളും ഇല്ല
കനാലിന്റെ സമീപത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ള കുടുംബങ്ങളുടെ പുനരധിവാസ പദ്ധതികളും പ്രഖ്യാപനങ്ങളിൽ മാത്രമാണ് ഒതുങ്ങിയത്. പല വീടുകളിലും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല.വൃത്തിയുള്ള കക്കൂസ് പോലും ഇവർക്ക് അന്യമാണ്. പല വീടുകളിലും, ടാർപ്പാളിൻ, ഷീറ്ര് എന്നിവ ഉപയോഗിച്ചാണ് കക്കൂസുകൾ നിർമ്മിച്ചിരിക്കുന്നത്. ഇത് പരിഹരിക്കുന്നതിനും നടപടി മാത്രം ഇനിയും അകലെയാണ്.
......................................
തീരദേശ മേഖലയിലെ വെളളക്കെട്ട് ഒഴിവാക്കുന്നതിനുളള നടപടികൾ അടിയന്തിരമായി സ്വീകരിക്കണം ഹംസ വർക്കല (പൊതുപ്രവർത്തകൻ)