അടുത്ത സുഹൃത്തിന്റെ വിവാഹമാണ്. രാവിലെ എണീറ്റ് കുളിച്ച് റെഡിയായി പുത്തൻ വസ്ത്രവും ധരിച്ച് കൃത്യസമയത്തുതന്നെ ബൈക്കിൽ വിവാഹ ഹാളിലെത്തി. എന്നാൽ അപ്പോഴേയ്ക്കും വിയർത്തു കുളിച്ച് ഒരുവിധമായി. അസഹ്യമായ ദുർഗന്ധം കൂടിയായപ്പോൾ നല്ലൊരു ദിവസം ഡാർക്കായി. വിവാഹത്തിനല്ല, ഒാഫീസിലെത്തിയാലും പലരുടെയും അവസ്ഥയാണിത്.
അമിത വിയർപ്പുകാരണമുള്ള ദുർഗന്ധം ഏറ്റവും കൂടുതൽ പ്രശ്നമാകുന്നത്
പുരുഷൻമാർക്കാണ്. പലർക്കും നിസാരമായി തോന്നാമെങ്കിലും വലിയ മനോവിഷമമുണ്ടാക്കുന്ന പ്രശ്നമാണിത്.
മൂന്നുശതമാനത്തോളം ആളുകളിൽ അമിത വിയർത്ത് വലിയ പൊല്ലാപ്പുണ്ടാക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. വയർപ്പിന്റെ ഈ അസുഖം മാനസിക സംഘർഷത്തിന് ഇടയാക്കുമെന്നും പല വേദികളിലും പിന്നോട്ടു നിൽക്കാനും ആത്മവിശ്വാസമില്ലാതാക്കാനും ഇടയാക്കും. ഒരാൾക്ക് എത്ര വരെ വിയർക്കാം, അമിതവിയർപ്പ് എതുവരെയാണ് എന്നിങ്ങനെയുള്ള വ്യക്തമായ അളവുകോലൊന്നുമില്ല, മാനസിക പ്രശ്നങ്ങൾ, ശാരീരികാധ്വാനം എന്നിവയാണ് വിയർക്കൽ അമിതമാക്കുന്നത്.
കൗമാര കാലഘട്ടത്തിലാണ് പലർക്കും അമിത വിയർപ്പ് ആരംഭിക്കുന്നത്. ആരോഗ്യപരമായി യാതൊരു തകരാറും ഇവർക്ക് ഉണ്ടാകാറില്ല. കൈവെള്ളകൾ, കക്ഷം , കാലടികൾ ഇവയാണ് സാധാരണ അമിതമായി വയർക്കുന്നത്. എന്നാൽ വിയർപ്പിന് ദുർഗന്ധമുണ്ടാകുന്നത് ബാക്ടീരിയകളുടെ പ്രവർത്തന ഫലമായിട്ടാണ്.
മനുഷ്യന്റെ ത്വക്കിൽ മൊത്തം 2 മുതൽ 5 ദശലക്ഷം സ്വേദഗ്രന്ഥികളാണുള്ളത്. ഇവയിൽ എക്രൈൻ ഗ്രന്ഥി ദേഹത്തെമ്പാടും കാണപ്പെടുന്നു. ഇവ നേരിട്ട് ത്വക്കിന്റെ വെളിയിലേക്കാണ് തുറക്കുന്നത്. അപ്പോക്രൈൻ ഗ്രന്ഥിയാകട്ടെ രോമം ധാരാളമുള്ള ശരീരഭാഗങ്ങളായ തലയോട്ടി, കക്ഷം, രഹസ്യഭാഗങ്ങൾ തുടങ്ങിയവയിൽ ധാരാളമായി കാണപ്പെടുന്നു. സാധാരണയായി ശരീരതാപം ഉയരുമ്പോൾ നാഡീവ്യൂഹം അത് തിരിച്ചറിയുകയും വിയർപ്പ് ഉത്പാദിപ്പിക്കാൻ സ്വേദഗ്രന്ഥികളെ പ്രേരിപ്പിക്കുകയും ചെയ്യും.
അധിക വിയർപ്പ് എന്തുകൊണ്ട് ?
വിയർപ്പിൽ മുഖ്യമായും വെള്ളമാണുള്ളത്. ഉപ്പ് പോലുള്ള ചില ലവണങ്ങൾ ഇതിൽ അലിഞ്ഞുചേർന്നിരിക്കുന്നു. എക്രൈൻ ഗ്രന്ഥികളാണ് വിയർപ്പ് ത്വക്കിന്റെ ഉപരിതലത്തിലേക്ക് നേരിട്ട് സ്രവിപ്പിക്കുന്നത്. അല്പസമയം കൊണ്ട് ഇത് ബാഷ്പീകരിച്ചുപോകുകയും ശരീരം തണുക്കുകയും ചെയ്യുന്നു. എന്നാൽ അപ്പോ ക്രൈൻ ഗ്രന്ഥി കൊഴുപ്പുകലർന്ന ഒരുതരം വിയർപ്പാണ് ഉത്പാദിപ്പിക്കുന്നത്. ഇത് രോമകൂപങ്ങളിലേക്കാണ് തുറക്കുന്നത്. രോമകൂപങ്ങൾ ചുരുങ്ങുമ്പോൾ വിയർപ്പ് ത്വക്കിന്റെ ഉപരിതലത്തിൽ എത്തും. ഇത് വേഗം ബാഷ്പീകരിക്കുന്നുമില്ല. അല്പസമയത്തിനകം ബാക്ടീരിയകൾ ഇൗ വിയർപ്പിൽ പ്രവർത്തിച്ച് ദുർഗ്ധമുള്ള ചില രാസപദാർത്ഥങ്ങൾ ഉണ്ടാക്കി കാര്യങ്ങൾ കുഴപ്പിക്കുന്നു. അമിത വിയർപ്പുകാരിൽ
ഇൗ പ്രശ്നം സ്വാഭാവികമായും അധികമായിരിക്കും.
വിയർപ്പിന്റെ വഴി
ചില പ്രത്യേക രോഗമുള്ളവരിൽ അമിത വിയർപ്പ് അനുഭവപ്പെടാറുണ്ട്. ഉദാഹരണത്തിന് തൈറോയിഡിന്റെ അമിത പ്രവർത്തനം, ഹൃദ്രോഗം, അർബുദം, മയക്കുമരുന്നുപയോഗം, മദ്യപാനം, അമിതമായ കാപ്പികുടി, അമിതവണ്ണം , മസാലകൾ ധാരാളമടങ്ങിയ ഭക്ഷണം, പ്രമേഹം, മാനസികസമ്മർദ്ദം, ഉത്കണ്ഠ തുടങ്ങിയവ.
വൃത്തിപ്രധാനം
തുടക്കത്തിലെ തന്നെ ഒരു ഡോക്ടറെ കാണുന്നതാണ് നല്ലതാണ്. ഡോക്ടർ നിർദ്ദേശിക്കുന്ന ആന്റി പേർസ്പിറന്റുകൾ (സ്‌പ്രേ പ്രോലുള്ളത്) ഉപയോഗിക്കാം.അലുമിനിയം ക്ളോറൈഡ് ഹെക്‌സാഹൈഡ്രേറ്റ് അടങ്ങിയ ഉത്പന്നങ്ങളാണിവ. തൊലിയിലേക്ക് വളരെ നേരിയ തോതിൽ വൈദ്യുതി കടത്തിവിട്ട് ചെയ്യുന്ന ചികിത്സയായ അയോണെറ്റോഫോറെസിസും ഫലപ്രദമാണ്. ചെറിയ തോതിലുള്ള അമിത വിയർപ്പിന് ബോട്ടക്സ് കുത്തിവയ്പ്പുകൾ ഗുണം ചെയ്യും.
രഹസ്യ ഭാഗങ്ങളുടെ വൃത്തി വളരെ പ്രധാനമാണ്. രോമം നീക്കിക്കളയാൻ ശ്രദ്ധിക്കണം. കൃത്രിമ തുണികൊണ്ടുള്ള അടിവസ്ത്രങ്ങൾ തീർത്തും ഒഴിവാക്കണം. വിയർപ്പ് വലിച്ചെടുക്കുന്ന തരം ചില പൗഡറുകൾ ഉപയോഗിക്കാം. സൂക്ഷിക്കാത്തപക്ഷം ഫംഗസ് രോഗബാധ, ചൊറിച്ചിൽ എന്നിവ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
ശീലമാക്കാം...
ദിവസവും രണ്ടുനേരം കുളി.
പരുത്തി അടിവസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക.
ധാരാളം വെള്ളം കുടിക്കുക ഇത് ശരീരതാപം കൂടാതിരിക്കാൻ സഹായിക്കും.
ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണ്.
മദ്യപാനം, പുകവലി എന്നിവ പൂർണമായും ഒഴിവാക്കണം.
ഉള്ളി, വെളുത്തുള്ളി, അധിക മസാലകൾ ചേർന്ന എണ്ണമയമുള്ള ആഹാരങ്ങൾ അധികം കഴിക്കാതിരിക്കുക