covid-19

തിരുവനന്തപുരം : കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നത് ആരോഗ്യപ്രവർത്തകർക്ക് കടുത്ത വെല്ലുവിളിയാകുന്നു.

പ്രതിദിന രോഗികൾ അയ്യായിരം കടന്നാൽ നിലവിലുള്ള ചികിത്സാ സംവിധാനങ്ങൾ മതിയാകാതെ വരും.

ചിലപ്പോൾ ലക്ഷണങ്ങൾ ഉള്ളവരെ പോലും നിർബന്ധിതമായി വീടുകളിൽ പാർപ്പിച്ച് ചികിത്സിക്കേണ്ടിവരുമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.എന്നാൽ കൊവിഡ് ബാധിതരിൽ മറ്റു രോഗങ്ങളുള്ളവരെ വീടുകളിൽ പാർപ്പിച്ച് ചികിത്സിക്കാനാവില്ല.ഇവരെ ആശുപത്രികളിലോ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്കോ മാറ്റേണ്ടിവരും. ഇവരെ പരിചരിക്കാൻ കൂടുതൽ ആരോഗ്യപ്രവർത്തകരേയും വെന്റിലേറ്റർ സൗകര്യവും ആവശ്യമാണ്. ആരോഗ്യപ്രവർത്തകരെയും കൊവിഡ് ബാധിക്കുന്നതാണ് മറ്റൊരു തലവേദന.11ദിവസത്തിനിടെ 631 ആരോഗ്യപ്രവർത്തകരാണ് രോഗബാധിതരായത്.
വരും ദിവസങ്ങളിലും ഇത് വർദ്ധിക്കും. മരണസംഖ്യ പരമാവധി കുറയ്ക്കാൻ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഉറപ്പാക്കിയിട്ടുണ്ടെങ്കിലും ഇതൊന്നും മതിയാകില്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

പ്രതീക്ഷ കൊവിഡ് ബ്രിഗേഡിൽ

പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ 980ജൂനിയർ ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യപ്രവർത്തകരുടെ പ്രത്യേക വിഭാഗത്തെ സജ്ജമാക്കിയിരുന്നു. അടുത്തമാസം 10ന് ഈ ജൂനിയർ ഡോക്ടർമാരുടെ കാലാവധി അവസാനിക്കുകയാണ്. സാലറി ചലഞ്ചുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാലും തുടർപഠനം കണക്കിലെടുത്തും ഇവരിൽ ഭൂരിഭാഗം പേരും തുടരാൻ സാദ്ധ്യതയില്ല. അതേസമയം പ്രതിരോധപ്രവർത്തനങ്ങൾക്കായി സർക്കാർ രൂപീകരിച്ച കൊവിഡ് ബ്രിഗേഡിൽ അംഗമായിട്ടുള്ളവരെ രംഗത്തിറക്കും. നിരവധി ആരോഗ്യപ്രവർത്തകർ ഇക്കൂട്ടത്തിലുണ്ട്.

എന്നാൽ വെന്റിലേറ്ററും ഐ.സിയുവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കുറവാണെന്നതാണ് പ്രധാന വെല്ലുവിളി.

കരുതലിലുള്ള ആരോഗ്യപ്രവർത്തകർ 6238

( ഈമാസം മൂന്നുവരെ കൊവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്തവർ)

ഡോക്ടർമാർ (അലോപ്പതി,ആയുർവേദ,ഹോമിയോ) 2397

നഴ്‌സുമാർ 2605

ലാബ് ടെക്‌നീഷ്യൻ 706

ഫാർമസിസ്റ്റുകൾ 530

ചികിത്സാ സംവിധാനങ്ങൾ

സർക്കാർ ആശുപത്രികൾ 1280

സ്വകാര്യ ആശുപത്രികൾ 2650

കിടക്കകൾ

സർക്കാരിൽ 38,004

സ്വകാര്യമേഖലയിൽ 68,200

ഐ.സി.യു

സർക്കാരിൽ 1900

സ്വകാര്യമേഖലയിൽ 3200

വെന്റിലേറ്ററുകൾ

സർക്കാരിൽ 950

സ്വകാര്യമേഖലയിൽ 1800

'പ്രതിരോധപ്രവർത്തനങ്ങൾക്കുള്ള ആരോഗ്യപ്രവർത്തകർ കൂടുതൽ വേണം. രോഗികൾ വർദ്ധിച്ചാൽ വെന്റിലേറ്ററുകൾ ഉൾപ്പടെ മതിയാകില്ല. വീടുകളിലെ ചികിത്സ പ്രോത്സാഹിപ്പിക്കണം.'

- ഡോ.ജി.എസ്.വിജയകൃഷ്ണൻ

ജനറൽ സെക്രട്ടറി,കെ.ജി.എം.ഒ.എ