തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ചേരുന്ന മേയറാണ് കോർപറേഷൻ ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നഗരസഭയിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് കോർപറേഷൻ ഓഫീസിനു മുന്നിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടുപേരും അഴിമതിയുടെ കാര്യത്തിൽ ഒരുപോലെയാണ്. ഇടതുഭരണസമിതിയുടെ നേതൃത്വത്തിലുള്ള അഴിമതികൾക്ക് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ നീക്കം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വി.എസ്. ശിവകുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് നഗരസഭ ലീഡർ ഡി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ടി. ശരത്ചന്ദ്രപ്രസാദ്, മൺവിള രാധാകൃഷ്ണൻ, തമ്പാനൂർ രവി, നെയ്യാറ്റിൻകര സനൽ, എം.എ. വാഹിദ്, പി.കെ. വേണുഗോപാൽ, ബാബു ദിവാകരൻ, ബീമാപള്ളി റഷീദ് എന്നിവർ സംസാരിച്ചു.