tippar-amitha-vegathayil

കല്ലമ്പലം: പള്ളിക്കലിൽ അനധികൃത പാറകടത്തൽ തകർക്കുമ്പോൾ അധികൃതർ കണ്ണടയ്‌ക്കുന്നതായി പരാതി. പൊലീസും റവന്യൂ വകുപ്പും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലായതോടെയാണ് ക്വാറികളിൽ നിന്ന് പാസില്ലാതെ പാറ കടത്തുന്നത്. കൂടാതെ അമിത വേഗത്തിൽ പായുന്ന ടിപ്പറുകളിൽ നിന്ന് പാറ തെറിച്ച് റോഡിൽ വീഴുന്നതായും പരാതിയുണ്ട്.

പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ക്വാറികളിലാണ് അനധികൃത ഖനനം നടക്കുന്നത്. ലോറികൾ രാത്രിയിൽ പാറമടയിലെത്തിച്ച് ലോഡ് നിറച്ച ശേഷം പുലർച്ചെ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇടറോഡുകളിലൂടെ അമിതവേഗതയിൽ പുറത്ത് കടക്കും. തുടർന്ന് വെളിനല്ലൂർ പാലത്തിലൂടെ ജില്ലാതിർത്തി കടത്തുകയാണെന്നും നാട്ടുകാരും വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു.

റോഡിൽ പൊലീസ് പരിശോധനയുണ്ടോയെന്നറിയാൻ മാഫിയയുടെ പൈലറ്റ് വാഹനം പരിശോധന നടത്തും. പരിശോധനയുണ്ടെങ്കിൽ പാറയുമായി വരുന്ന ലോറിയുടെ ഡ്രൈവർക്ക് ഇടറോഡിലെവിടെയെങ്കിലും ഒതുക്കിയിടാൻ നിർദ്ദേശം നൽകും. പരിശോധനാ വിവരം പൊലീസിലെ ചിലർ ലോറിയുടമയെയും ക്വാറി ഉടമയെയും വിളിച്ചറിയിക്കാറുമുണ്ട്. ആറുമാസം മുമ്പ് പള്ളിക്കലിൽ ലോറിയിടിച്ച് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം ലോറിയിൽ നിന്ന് വലിയ പാറ റോഡിലേക്ക് വീണതാണ് ഒടുവിലത്തെ സംഭവം. പിന്നിൽ വാഹനങ്ങളില്ലാത്തത് കാരണമാണ് അപകടമൊഴിവായത്. അധികൃതർ അനുശാസിക്കുന്ന സമയക്രമം ടിപ്പറുകൾ പാലിക്കുന്നില്ലെന്നും പരാതിയുണ്ട്.

നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ബന്ധപ്പെട്ടവർ നടപടിയെടുത്തില്ലെന്നും പരാതിയുണ്ട്. ജില്ലയിലെ വിവിധ പദ്ധതികളുടെ പേരിലാണ് പള്ളിക്കലിലെ ക്വാറികളിൽ നിന്ന് പാറ പൊട്ടിക്കുന്നത്. എന്നാൽ ഇതിൽ ഭൂരിഭാഗവും കൊല്ലം, കൊട്ടാരക്കര ഭാഗങ്ങളിലാണെത്തുന്നത്. പല ലോറികളും പെർമിറ്റില്ലാതെയാണ് ഓടുന്നതെന്നും പരാതിയുണ്ട്.

അനുവദനീയമായതിലും കൂടുൽ അളവിൽ ലോറികളിൽ പാറ കയറ്റി പോകുന്നത് കാരണം റോഡുകൾ തകരുന്നതായും നാട്ടുകാർ പറയുന്നു. ക്വാറികളുടെ പ്രവർത്തനം നിയന്ത്രിച്ച് ടിപ്പറുകൾക്ക് മൂക്ക് കയറിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.