കൊച്ചി: അർഹതയുണ്ടായിട്ടും സ്ഥാനക്കയറ്റം ലഭിക്കാതെ വലയുന്നത് മുന്നൂറോളം അദ്ധ്യാപകർ. ഹയർ സെക്കൻഡറി സീനിയർ തസ്തികയിലേക്ക് ജൂനിയർ അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടികൾ ഒൻപത് മാസമായി മരവിപ്പിച്ചിരിക്കുകയാണ്. പതിനെട്ട് വിഷയങ്ങളിലായി 263 ഒഴിവുകളുണ്ട്. സ്ഥാനക്കയറ്റം വഴി ഒഴിവുവരുന്ന തസ്തികയിലേക്ക് നിയമനത്തിനായി നിരവധി ഉദ്യോഗാർത്ഥികളാണ് കാത്തിരിക്കുന്നത്.

2018 നവംബർ മുതൽ 2019 ഒക്ടോബർ വരെ ഒഴിവുള്ള സീനിയർ അദ്ധ്യാപക തസ്തികയിലേക്കാണ് സ്ഥാനക്കയറ്റം നടക്കേണ്ടത്. പല അദ്ധ്യാപകരും പതിനഞ്ച് വർഷത്തോളം ജൂനിയർ തസ്തികയിൽ ജോലി ചെയ്ത് ഏറെ കാത്തിരുന്നാണ് സ്ഥാനക്കയറ്റ പട്ടികയിൽ ഇടംനേടിയത്.

# വിദ്യാഭ്യാസ വകുപ്പിന്റെ മെല്ലെപോക്ക്

അദ്ധ്യാപകർ നൽകിയ കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ അപാകതയുണ്ടെന്ന കാരണത്താൽ 2020 ഫെബ്രുവരിയിൽ നടക്കേണ്ട വകുപ്പുതല സ്ഥാനക്കയറ്റ കമ്മറ്റി (ഡി.പി.സി) യോഗം മാറ്റിവെച്ചിരുന്നു. എന്നാൽ അപാകതകൾ പരിഹരിക്കപ്പെട്ടതിനു ശേഷവും ഡി.പി.സി യോഗം നടത്താതെ സ്ഥാനക്കയറ്റ നടപടികൾ വിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചു.

ജനുവരി 20നു മാത്രം കോൺഫിഡൻഷ്യൽ റിപ്പോർട്ട് ക്ഷണിച്ച ഹയർ സെക്കൻഡറി പ്രിൻസിപ്പൽ പ്രമോഷനായുള്ള നടപടികൾ അതിവേഗത്തിൽ പൂർത്തിയാക്കി നിയമനം നടത്തിയിരുന്നു. ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാർ കൂടി ഉൾപ്പെട്ട പ്രിൻസിപ്പൽ പ്രമോഷൻ നടപടികൾ മിന്നൽ വേഗത്തിൽ നടന്നെന്നു മാത്രമല്ല ചിലർ പ്രമോഷൻ ലഭിച്ച് തൊട്ടടുത്ത ദിവസം ജോലിയിൽ നിന്ന് വിരമിച്ചു.

ജൂനിയർ അധ്യാപകർക്ക് നിലവിൽ അഡ്വൈസ് ചെയ്ത ഒഴിവുകൾക്ക് പുറമേയാണ് ഈ ഒഴിവുകൾ വരിക. ഇത്തരം തസ്തികകളിലേക്കുള്ള പി.എസ്.സി ലിസ്റ്റിലുൾപ്പെട്ട് നിയമനം പ്രതീക്ഷിച്ചിരിക്കുന്ന ഉദ്യോഗാർത്ഥികൾക്കു കൂടി തിരിച്ചടിയാവുകയാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ ഈ മെല്ലെപ്പോക്ക്. സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെട്ട് നിയമനം പ്രതീക്ഷിച്ചിരുന്ന ചിലർ സ്ഥാനക്കയറ്റം ലഭിക്കാതെ റിട്ടേഡാകുന്നുണ്ട്.

ഒഴിവുകൾ

ഇക്കണോമിക്സ് - 46

ഇംഗ്ലീഷ് - 36

പൊളിറ്റിക്കൽ സയൻസ് - 28

മലയാളം - 27

കമ്പ്യൂട്ടർ അപ്ലിക്കേഷൻ - 21

കെമിസ്ട്രി -20

മാത്തമാറ്റിക്സ് -13

ഹിന്ദി -12

ബോട്ടണി -11

സുവോളജി -11

ജോഗ്രഫി -11

ഹിസ്റ്ററി -9

കൊമേഴ്സ് -5

സ്റ്റാറ്റിസ്റ്റിക്സ് -3

സൈക്കോളജി -1

ഫിസിക്സ് -1

അറബിക് -1

തമിഴ് -1

"ഈ ആവശ്യമുന്നയിച്ച് നിരവധി തവണ വകുപ്പധികൃതരെയും പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രിയെയും സമീപിച്ചു. പക്ഷെ അനുകൂല നടപടികളുണ്ടായിട്ടില്ല."

അനിൽ എം ജോർജ്

ജനറൽ സെക്രട്ടറി

എച്ച്.എസ്.എസ്.ടി.എ