പഴയങ്ങാടി: വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവേകാൻ പുഴയിൽ ചെലവാക്കിയ കോടികൾ വെള്ളത്തിലായി. ഉത്തരമലബാറിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകാൻ പര്യാപ്തമായ മലനാട് മലബാർ റിവർ ക്രൂയീസ് ടൂറിസം പദ്ധതിയ്ക്ക് വേണ്ടി ചെലവാക്കിയ പണമാണ് അധികൃതരുടെ അനാസ്ഥയുടെ ഭാഗമായി മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയത്. പദ്ധതിയുടെ ഭാഗമായി പഴയങ്ങാടി പുഴയിൽ നിർമ്മിച്ച ബോട്ട് ടെർമിനലിന്റെ അവസ്ഥ ഇപ്പോൾ പരിതാപകരമാണ്.
പുറംമോടി കണ്ടാൽ ആരും നോക്കിപ്പോകും. എന്നാൽ അടുത്ത് ചെന്ന് നോക്കിയാലേ ദുരവസ്ഥ ബോധ്യമാകൂ. ടെർമിനലിൽ മാലിന്യം നിറഞ്ഞ അവസ്ഥയിലാണ് ഇപ്പോൾ. അറവ് മാലിന്യം ഉൾപ്പടെ ബോട്ട് ടെർമിനലിൽ കൊണ്ട് വന്നാണ് തള്ളുന്നത്. ഇതിന്റെ അവശിഷ്ടങ്ങളും ഇവിടെ കാണാം. സോളാർ ലൈറ്റുകൾ, ഇരിപ്പിടം എന്നിവയും ഒരുക്കിയിട്ടുണ്ട്. കരിങ്കൽ പാകിയ തൂണുകളും കൈവരികളും കേരളീയ തനിമയിൽ നിർമ്മിച്ച മേൽ കൂരയും ആസ്വാദകർക്ക് നവ്യ അനുഭവമാകുന്ന രൂപത്തിലാണ് നിർമ്മിച്ചത്. ബോട്ട് ടെർമിനലിന്റെ കവാടത്തിലേക്കുള്ള റോഡ് ഇന്റർലോക്ക് ചെയ്തിതിട്ടുണ്ട്. രണ്ട് തവണ വിപുലമായ സംഘാടക സമിതി വിളിച്ച് ഉദ്ഘാടനം തീരുമാനിച്ചെങ്കിലും മുടങ്ങി പോവുകയായിരുന്നു. ഇനി എന്ന് ഉദ്ഘാടനം നടക്കുമെന്ന് പറയാനും കഴിയുന്നില്ല. ബോട്ട് സർവീസ് ആരംഭിക്കാതെ കോടികളുടെ പദ്ധതി വെള്ളത്തിൽ ആവുമോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
ചെലവ്- 3 കോടി രൂപ
നീളം-100 മീറ്റർ
നടപാത- 40 മീറ്റർ
4 ബോട്ടുകൾ അടുപ്പിക്കാൻ സൗകര്യം