നെടുമങ്ങാട്: വേറ്റിനാട്ടെ ശാന്തിമന്ദിരത്തിൽ 108 അന്തേവാസികൾക്കും 5 ജീവനക്കാർക്കും ഒറ്റ ദിവസം കൊവിഡ് സ്ഥിരീകരിച്ചത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായതായി താലൂക്കുതല ആരോഗ്യ വിഭാഗം ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നല്കി. മനോനില തെറ്റിയവരും അശരണരുമായ അന്തേവാസികളെ ശാന്തിമന്ദിരത്തിൽ പാർപ്പിച്ച്, ആവശ്യമായ പരിചരണം നൽകുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. ഏതെങ്കിലും ഒരു കേന്ദ്രത്തിൽ ഇവരെ മാറ്റി പാർപ്പിക്കുക പ്രായോഗികമല്ല. ഇവർക്കൊപ്പം ശാന്തിമന്ദിരത്തിൽ താമസിച്ച് ആവശ്യമായ പരിചരണം ഉറപ്പാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി മൂന്ന് ഡോക്ടർമാർ, പാരാമെഡിക്കൽ, ഫാർമസി ജീവനക്കാർ, ഒരു മനശാസ്ത്രജ്ഞൻ എന്നിവരെ നിയമിച്ചിട്ടുണ്ട്. മുന്നൂറിലേറെ പേർക്ക് താലൂക്കിൽ ഇതേവരെ പോസിറ്റീവായി. അരുവിക്കര, വിതുര പഞ്ചായത്തുകളിലും നെടുമങ്ങാട് നഗരസഭയിലും പ്രതിരോധ നടപടികൾ ശക്തമാക്കുമെന്ന് തഹസീൽദാർ എം.കെ. അനിൽകുമാർ പറഞ്ഞു.

നെടുമങ്ങാട്ട് വീണ്ടും നിയന്ത്രണം

നെടുമങ്ങാട് : നഗരസഭ പരിധിയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കച്ചവട സ്ഥാപനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. നഗരത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദേശസാത്കൃത ബാങ്കുകൾ ഉൾപ്പടെ ധനകാര്യ സ്ഥാപനങ്ങളുടെയും കടകളുടെയും മുന്നിൽ പൊലീസുകാരെ വിന്യസിക്കും. കടകൾ രാവിലെ 7 മുതൽ വൈകിട്ട് 6 വരെ മാത്രമേ പ്രവർത്തിക്കാവൂ. ഹോട്ടലുകളിലും ചായക്കടകളിലും ഭക്ഷണം ഇരുത്തി കൊടുക്കാവുന്നത് വൈകിട്ട് ആറ് വരെ മാത്രം. പാഴ്‌സൽ രാത്രി എട്ടു വരെ നൽകാം. ഹോട്ടൽ തൊഴിലാളികൾക്ക് കൈയുറകൾ നിർബന്ധമാക്കിയിട്ടുണ്ട്. കടകളിൽ എത്തുന്നവരുടെ വിവരം എഴുതി സൂക്ഷിക്കാൻ രജിസ്റ്റർ സൂക്ഷിക്കണം. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലേതാണ് തീരുമാനങ്ങൾ. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ശില്പ തോമസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, പൊലീസ്, മുനിസിപ്പൽ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.