പാറശാല: പാർട്ടിയുടെ കെട്ടിടത്തിൽ ആത്മഹത്യ ചെയ്‌ത സി.പി.എം അഴകിക്കോണം ബ്രാഞ്ച് കമ്മിറ്റി അംഗമായ ആശയുടെ മരണകാരണം പാർട്ടിയുടെ അവഗണനയും അംഗങ്ങളിൽ നിന്നുള്ള മാനസിക പീഡനവുമാണെന്ന് ബന്ധുക്കൾ. പതിനഞ്ച് വർഷം മുമ്പ് ചെങ്കൽ പഞ്ചായത്തിലെ ഉദിയൻകുളങ്ങര വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പിന്നീട് സി.പി.എം പക്ഷത്തേക്ക് മാറിയ ഇവർ അന്ന് മുതൽ പാർട്ടി പ്രവർത്തകയായി. സി.പി.എം വാർഡ് മെമ്പറുടെ സഹായിയായിരുന്നു. സി.പി.എം വാർഡ് മെമ്പർക്ക് നേരെ മോശം പരാമർശം നടത്തിയ സ്വതന്ത്ര അംഗത്തെ പഞ്ചായത്ത് കമ്മിറ്റി യോഗം നടക്കുന്ന സ്ഥലത്തെത്തി കൈയേറ്റം ചെയ്യാനും ആശ തയ്യാറായിരുന്നു. സി.പി.എമ്മിനോട് കാട്ടിയ ആത്മാർത്ഥത കാരമാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി നിർദ്ദേശപ്രകാരം മാറി നിന്നത്. ഇത്തവണ പാർട്ടി സീറ്റ് ഉറപ്പായിരുന്നെങ്കിലും മറ്റൊരു മുൻ മെമ്പറുടെ മകൾക്ക് വേണ്ടി സീറ്റ് മാറ്റി വയ്ക്കാനുള്ള പാർട്ടി തീരുമാനവും പാർട്ടിയുടെ മറ്റ് അംഗങ്ങളിൽ നിന്നുണ്ടായ മാനസിക പീഡനങ്ങളുമാണ് ആശയെ തളർത്തിയത്. തുടർന്ന് ആശ പാർട്ടിയിലെ മേൽ ഘടകങ്ങളിൽ പലതവണ പരാതിപ്പെട്ടെങ്കിലും അവിടെയും അവഗണ ആവർത്തിച്ചു. പാർട്ടിക്ക് നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം പാറശാല ഓഫീസിൽ നടന്ന ചർച്ചയിൽ വാർഡ് മെമ്പറോടൊപ്പം പങ്കെടുത്തെങ്കിലും ഇവിടെയും നേരിട്ട അവഗണന ആശയെ കൂടുതൽ മാനസിക സംഘർഷത്തിലാക്കിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പാർട്ടി യോഗത്തിന് ശേഷം ആശ മടങ്ങിയെത്താത്തിനാൽ വീട്ടുകാർ വാർഡ് മെമ്പറുമൊത്ത് സ്റ്റേഷനിൽ പരാതി നൽകാനെത്തി. പാർട്ടി ഓഫീസിലും പരിസരത്തും തിരക്കിയോ എന്ന പൊലീസുകാരുടെ ചോദ്യത്തെ തുടർന്ന് മകൻ എത്തിയപ്പോഴാണ് ആശയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.