ktjaleel

തിരുവനന്തപുരം: കേന്ദ്രാനുമതിയില്ലാതെ യു.എ.ഇയിൽ നിന്ന് വിദേശസഹായം സ്വീകരിച്ചതിന് ജലീലിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തേക്കും. നൂറ് ഭക്ഷ്യകിറ്റുകളുടെ വിലയായി അഞ്ചുലക്ഷം രൂപയുടെ ഇടപാട് യു.എ.ഇ കോൺസുൽ ജനറലുമായി ജലീൽ നടത്തിയത് ചട്ടവിരുദ്ധമാണ്. കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിനെക്കുറിച്ച് കേന്ദ്രധനമന്ത്രാലയം പ്രാഥമികഅന്വേഷണം നടത്തിയശേഷം ഇ.ഡിയോട് വിശദഅന്വേഷണത്തിന് നിർദ്ദേശിച്ചു. ഇതേക്കുറിച്ച് വിശദമായ മൊഴി ഇ.ഡി രേഖപ്പെടുത്തി. ജലീലിനെതിരെ ഇ.ഡി കേസെടുക്കുമെന്നാണ് സൂചന.

വിദേശസഹായ നിയന്ത്രണചട്ടം (എഫ്.സി.ആർ.എ) പ്രകാരം ചട്ടപ്രകാരം പണം, ഉപകാരം, സമ്മാനം, സേവനം എന്നിങ്ങനെ ഏതുതരം വിദേശസഹായവും സ്വീകരിക്കാൻ വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ മുൻകൂർ അനുമതി വേണം. ഇതിനുള്ള അപേക്ഷ ധനമന്ത്രാലയം പരിശോധിച്ച് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. വിദേശസഹായം രാജ്യവിരുദ്ധ പ്രവർത്തിനത്തിനാണോ എന്നടക്കം പരിശോധിച്ച് ക്ലിയറൻസ് നൽകേണ്ടത് ആഭ്യന്തരമന്ത്രാലയമാണ്. ഈ നടപടികളെല്ലാം ലംഘിച്ചതിനാലാണ് ജലീലിനെതിരെ അന്വേഷണം.

ഏതെങ്കിലും നിയമനിർമ്മാണ സഭകളിലെ അംഗങ്ങൾ പണമായോ അല്ലാതെയോ വിദേശസഹായം കൈപ്പറ്റുന്നതിന് നിരോധനമുണ്ട്. രാഷ്ട്രീയ പാർട്ടികൾക്കോ ഭാരവാഹികൾക്കോ സഹായം സ്വീകരിക്കാനാവില്ല. വിദേശരാജ്യങ്ങളുടെ താത്പര്യങ്ങൾ ഇന്ത്യയിൽ വേരുറപ്പിക്കുന്നത് തടയാനാണിത്. അതിനാൽ ജലീൽ യു.എ.ഇ സഹായംവാങ്ങാൻ അനുമതി ചോദിച്ചിരുന്നെങ്കിലും നിഷേധിക്കപ്പെടുമായിരുന്നു. വിദേശസഹായം മണ്ഡലത്തിൽ ചെലവഴിച്ചതും ഗുരുതര കുറ്റമാവും. യു.എ.ഇ കോൺസുൽ ജനറലുമായുള്ള വാട്സ്ആപ് ചാറ്റിലൂടെയാണ് അഞ്ചുലക്ഷംരൂപയുടെ ഇടപാട് നടത്തിയതെന്ന് ജലീൽ സമ്മതിച്ചിട്ടുണ്ട്. അതിനാൽ ഇതുസംബന്ധിച്ച ഫയലുകളോ രേഖകളോ സർക്കാരിൽ ഉണ്ടാവാനിടയില്ല.

ഏതുതരം വിദേശസഹായവും സ്വീകരിക്കാൻ വിദേശകാര്യ,ആഭ്യന്തര മന്ത്രാലയങ്ങളുടെ അനുമതി വേണ്ടതാണ്. ഒരു ലക്ഷത്തിലേറെ മൂല്യമുള്ള സമ്മാനം വിദേശത്തെ ഉറ്റബന്ധുക്കളിൽ നിന്ന് സ്വീകരിക്കാൻപോലും കേന്ദ്രാനുമതി വേണം. വിദേശസഹായ നിയന്ത്രണചട്ടം(എഫ്.സി.ആർ.എ) അനുസരിച്ച് സേവനവും സമ്മാനവും ഈ ഗണത്തിൽ പെടും. വിദേശനാണ്യ വിനിമയചട്ടം (ഫെമ)അനുസരിച്ച് പണം സ്വീകരിക്കാൻ റിസർവ് ബാങ്കിന്റെ അനുമതിയും വേണ്ടതാണ്.

ഇനി ഇങ്ങനെ

മന്ത്രിയെ വീണ്ടും ചോദ്യംചെയ്ത് വിവരങ്ങൾ ശേഖരിക്കേണ്ടിവരും. രേഖകൾ ഹാജരാക്കാൻ ഇ.ഡി നിർദ്ദേശിച്ചിട്ടുണ്ട്.

ചട്ടലംഘനം കണ്ടെത്തിയാൽ ഇ.ഡി കേസെടുക്കും. ഗുരുതരമായ ലംഘനം കണ്ടെത്തിയാൽ 5വർഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പ് ചുമത്താം. അല്ലെങ്കിൽ ഒരുവർഷം വരെയാണ് ശിക്ഷ.