തിരുവനന്തപുരം: സ്വർണക്കടത്ത്, ലൈഫ് മിഷൻ വിവാദങ്ങളിൽ കുരുങ്ങി നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ ജലീൽ വിവാദം വീണ്ടും ഉയരുന്നത് സർക്കാരിനും ഇടതുമുന്നണിക്കും തലവേദനയാകുന്നു.
സ്വർണക്കടത്ത് കേസിന്റെ അനുബന്ധമായി നടക്കുന്ന അന്വേഷണങ്ങളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ മന്ത്രിയെ ചോദ്യം ചെയ്തുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷവും ബി.ജെ.പിയും സർക്കാരിനെ കടന്നാക്രമിക്കുകയാണ്.
ബി.ജെ.പി പ്രവർത്തകർ ഇന്നലെ രാത്രി തന്നെ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മന്ത്രിയുടെ രാജിക്കായി മാർച്ച് നടത്തി. ധാർമ്മികത അല്പമെങ്കിലുമുണ്ടെങ്കിൽ മന്ത്രി ജലീൽ രാജിവച്ചൊഴിയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജലീലിന്റെ രാജി മുഖ്യമന്ത്രി ചോദിച്ചുവാങ്ങണമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടത്. എന്നാൽ, ചോദ്യം ചെയ്തത് കൊണ്ടുമാത്രം മന്ത്രി രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.എം നേതൃത്വം. നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥങ്ങളെത്തിച്ചുവെന്നതും അത് കടത്താൻ സി-ആപ്റ്റിന്റെ വാഹനമുപയോഗിച്ചുവെന്നതുമാണ് മന്ത്രി ജലീലിന് എതിരെ ആരോപിക്കുന്ന കുറ്റം. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി മന്ത്രിക്കുള്ള ബന്ധവും യു.എ.ഇ കോൺസുലേറ്റുമായുള്ള അടുപ്പവുമെല്ലാം എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ചോദിച്ചറിഞ്ഞെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഇന്നലെ രാവിലെ നടന്ന ചോദ്യംചെയ്യൽ മന്ത്രി വൈകിട്ടു വരെയും രഹസ്യമാക്കി വച്ചിരുന്നതിലും പ്രതിപക്ഷം ദുരൂഹത സംശയിക്കുന്നുണ്ട്.
വൈകിട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിന് ശേഷമാണ് വിവരം പുറത്തായത്. ഇത് ആരോപണത്തെ ബലപ്പെടുത്തുന്നതാണെന്ന വാദമാണ് യു.ഡി.എഫ്, ബി.ജെ.പി കേന്ദ്രങ്ങൾ ഉയർത്തുന്നത്. പലതും മറച്ചുവയ്ക്കാനുണ്ടെന്ന തോന്നൽ ശക്തിപ്പെടുത്തുന്നതും സർക്കാരിനെയും ഇടതുമുന്നണിയെയും വെട്ടിലാക്കുന്നതാണ്. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ഒരു മന്ത്രിസഭാംഗത്തെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്വർണക്കടത്ത് പോലെ സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ ഒരു കേസിന്റെ അനുബന്ധമെന്ന നിലയിലും ഇതുണ്ടാക്കുന്ന രാഷ്ട്രീയ പ്രത്യാഘാതം ദൂരവ്യാപകമാകും. പ്രത്യേകിച്ച് ഇനിയങ്ങോട്ട് തിരഞ്ഞെടുപ്പുകളുടെ നാളുകളാവുമ്പോൾ.