02

കുളത്തൂർ: ടെക്നോപാർക്കിന് സമീപത്തെ സർവീസ് റോഡിലെ വെള്ളക്കെട്ടിന് താത്കാലിക പരിഹാരം. ഓടകൾ നിറഞ്ഞ് സമീപ പ്രദേശത്തെ വീടുകളിൽ വെള്ളം കയറുന്ന അവസ്ഥയ്ക്കാണ് മന്ത്രിയുടെ അടിയന്തര ഇടപെടലിൽ പരിഹാരമായത്. ഓടകളിലെ മണ്ണും ചെളിയും ജെ.സി.ബി ഉപയോഗിച്ച് നീക്കിയതിനൊപ്പം തെറ്റിയാർ തോടിൽ ഏറെ നാളായി അടിഞ്ഞുകൂടി കിടന്ന മാലിന്യങ്ങൾ കോരിമാറ്റുകയും ചെയ്‌തു. ടെക്‌നോപാർക്ക്, ദേശീയപാത അതോറിട്ടി, കഴക്കൂട്ടം പൊലീസ്, എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പനി തുടങ്ങിയവരുടെ സഹായത്തോടെയാണ് ജോലികൾ നടന്നത്. വെള്ളക്കെട്ടിനെ തുടർന്നുള്ള ദുരിതയാത്രയും നാട്ടുകാരുടെ ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നായിരുന്നു നടപടി. എലിവേറ്റഡ് ഹൈവേ നിർമാണ സ്ഥലത്തു നിന്നും മണ്ണൊലിച്ച് സമീപത്തെ ഓടയിലേക്ക് ഇറങ്ങിയതും ടെക്‌നോപാർക്കിന് അകത്തെ തെറ്റിയാർ തോടിന്റെ ഭാഗം മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് നിലച്ചതുമാണ് വെള്ളക്കെട്ട് ഉണ്ടാകാൻ കാരണം.

ശാശ്വത പരിഹാരം കാണും:
മന്ത്രി കടകംപള്ളി സുരേന്ദ്രൻ

വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ ടെക്നോപാർക്കിന്റെ ഭാഗത്ത് തെറ്റിയാറിന്റെ ആഴം കൂട്ടുന്നതിനുള്ള നടപടി സ്വീകരിച്ചു. ഇപ്പോൾ വെള്ളക്കെട്ടുണ്ടായ ഓടയുടെ ഭാഗത്ത് ഒരു മാൻഹോൾ നിർമ്മിക്കും. സർവീസ് റോഡിലുണ്ടായ കുഴികൾ അടിയന്തരമായി നികത്താനും തീരുമാനിച്ചു. കെ.എസ്.ഇ.ബി കേബിളിടുന്ന ജോലികൾ പൂർത്തിയായാൽ ഉടൻ തന്നെ സർവീസ് റോഡ് റീടാറിംഗ് ചെയ്യും.