തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തിൽ ഇനി വരാനിരിക്കുന്നത് പരീക്ഷണ നാളുകളാണെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. വരും ആഴ്ചകളിൽ രോഗികളുടെ എണ്ണം കൂടുമെന്നാണ് വിദഗ്ധർ പറയുന്നത്. ആരിൽ നിന്നും കൊവിഡ് പകരുന്ന അവസ്ഥയാണുള്ളത്. രോഗനിരക്ക് കൂടി ആശുപത്രിയിൽ കിടക്കാനിടമില്ലാത്ത അവസ്ഥ ഉണ്ടാക്കരുത്. സംസ്ഥാനത്ത് സി.എഫ്.എൽ.ടി.സികളും കൊവിഡ് ആശുപത്രികളും സുസജ്ജമാണ്. ആകെ 322 കേന്ദ്രങ്ങളിലായി 41,391 കിടക്കകൾ ഇപ്പോൾ ചികിത്സയ്ക്കായി സജ്ജമാണ്. അതിൽ തന്നെ 21,318 കിടക്കകൾ ഒഴിഞ്ഞ് കിടക്കുകയാണ്. 29 കൊവിഡ് ആശുപത്രികളിലായി ആകെ 8937 കിടക്കകളും, 30 മറ്റ് സർക്കാർ ആശുപത്രികളിലായി 1344 കിടക്കകളും, 189 സി.എഫ്.എൽ.ടി.സി.കളിലായി 28,227 കിടക്കകളും, 74 സ്വകാര്യ ആശുപത്രികളിലായി 2883 കിടക്കകളുമാണ് സജ്ജമാക്കിയിട്ടുള്ളത്. സർക്കാർ ആശുപത്രികളിൽ ആകെ 871 കൊവിഡ് ഐ.സിയു കിടക്കകളുള്ളതിൽ 624 എണ്ണവും 532 കൊവിഡ് വെന്റിലേറ്ററുകളുള്ളതിൽ 519 എണ്ണവും ഒഴിവുണ്ട്. സ്വകാര്യ ആശുപത്രികളിൽ 6079 ഐ.സിയു കിടക്കകളുള്ളതിൽ 6030 എണ്ണവും 1579 വെന്റിലേറ്ററുകളുള്ളതിൽ 1568 എണ്ണവും ഒഴിവുണ്ട്. ഇതുകൂടാതെ രണ്ടും മൂന്നും ഘട്ടമായി 800 ഓളം സി.എഫ്.എൽ.ടിസികളിലായി 50,000ത്തോളം കിടക്കകളും സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.