തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫേഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌ത മന്ത്രി കെ.ടി. ജലീൽ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും ബി.ജെ.പിയും സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. ലാത്തിചാർജ്ജിൽ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം എസ്. സുരേഷ്, യുവമോർച്ച സംസ്ഥാന കമ്മിറ്റി അംഗം വിഷ്‌ണു,​ നേതാക്കളായ മഞ്ചന്തല സുരേഷ്,​ പോങ്ങുംമൂട് വിക്രമൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ജലപീരങ്കി പ്രയോഗത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ എസ്.എം. ബാലു, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ മുക്കോല ബിജു,​ വഞ്ചിയൂർ വിഷ്‌ണു എന്നിവർക്കാണ് പരിക്കേറ്റത്. രാത്രി 9ന് യൂത്ത് കോൺഗ്രസ് പ്രവ‌ത്തകരാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായ നുസൂർ, എസ്.എം. ബാലു,​ സെയ്ദാലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. പ്രവ‌ർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രകോപിതരായ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. ഇതിനുശേഷമാണ് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിരി‌ഞ്ഞുപോകാത്ത പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് തള്ളിനീക്കാൻ ശ്രമിച്ചു. പൊലീസുമായി ഏറ്റുമുട്ടിയതോടെ പ്രവ‌ർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. ഇതിൽ നാലുപേർക്ക് പരിക്കേറ്റു. തുടർന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ,​ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് എന്നിവർ സമരവുമായി രംഗത്തെത്തി. പൊലീസിന്റെ ക്രൂര മർദ്ദനത്തിനെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കുമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി നേതാക്കളായ കരമന ജയൻ,​ പി. സുധീർ,​ സി. ശിവൻകുട്ടി, വനിത കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. പൊലീസ് മ‌ർദ്ദിച്ചെന്നാരോപിച്ച് ബി.ജെ.പി പ്രവർത്തകർ ഒരു മണിക്കൂർ സെക്രട്ടേറിയറ്റിനു മുന്നിലെ റോഡ് ഉപരോധിച്ചു. ഇരു സംഘടനകളും മന്ത്രിയുടെ കോലവും കത്തിച്ചു.