വരന്തരപ്പിള്ളി: എസ്.ഐയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സുഹൃത്തിൽ നിന്നും 8000 രൂപ തട്ടി. അക്കൗണ്ട് ഉടമ അമ്മയ്ക്ക് സുഖമില്ലെന്നും അത്യാവശ്യ ആശുപത്രി ചെലവിന് പണം വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. വരന്തരപ്പിള്ളി എസ്.ഐ ഐ.സി ചിത്തരഞ്ചന്റേ പേരിലാണ് തട്ടിപ്പ് നടന്നത്. സുഹൃത്ത് ലിസ്റ്റിലുള്ള ഒരു വ്യക്തി പണം ഗൂഗിൾ പേ വഴി അയച്ചു. സമാന സന്ദേശം ലഭിച്ച മറ്റൊരു സുഹൃത്ത് എസ്.ഐയോട് വിവരം അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടനെ ഫേസ്ബുക്ക് അക്കൗണ്ട് വഴി തട്ടിപ്പ് നടന്ന പോസ്റ്റ് ഇട്ട ശേഷം തൃശൂർ റൂറൽ സൈബർ സെല്ലിൽ വിവരം അറിയിച്ചു. പണം സ്വീകരിച്ച അക്കൗണ്ട് ബ്ലോക്ക് ചെയ്തു. പരിശോധനയിൽ ഹരിയാനയിലെ വിലാസമുള്ള ഐ.ഡിയിൽ നിന്നാണ് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയതെന്ന് വ്യക്തമായി. നിലവിൽ അഞ്ഞൂറ് സുഹൃത്തുക്കൾ വീതമുള്ള മൂന്ന് ഫേസ്ബുക്ക് അക്കൗണ്ടുകളാണ് എസ്.ഐയ്ക്കുള്ളത്. ഞായറാഴ്ച രാവിലെ ഉണ്ടാക്കിയ അക്കൗണ്ടിൽ 150 സുഹൃത്തുക്കളുണ്ട്. ഈ അക്കൗണ്ടിനെ കുറിച്ച് എസ്.ഐക്ക് അറിവില്ല. എസ്.ഐയുടെ പ്രൊഫൈൽ ചിത്രം തന്നെയാണ് വ്യാജ അക്കൗണ്ടിലും ഉള്ളത്. സൈബർ സെല്ലിൽ നിന്നും മൊബൈൽ ഫോൺ കമ്പനിയിൽ നിന്നുമുള്ള വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് തുടരന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. സമാനരീതിയിൽ പണം തട്ടിയെടുക്കാനുള്ള ശ്രമം കഴിഞ്ഞ ആഴ്ചയിൽ കണ്ണൂരിലെ ഒരു സി.ഐക്കും, കൊല്ലത്തെ ഒരു എസ്.ഐയ്ക്കും ഉണ്ടായതായി പറയുന്നു.