കോട്ടയം : കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് ഡ്രൈവറുടെ ബൈക്ക് മോഷ്ടിച്ച പ്രതി കോയമ്പത്തൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് ചാടി രക്ഷപ്പെട്ട് എത്തിയതാണെന്ന് പൊലീസ്. അറസ്റ്റിലായ പത്തനംതിട്ട നിരണം കടപ്ര മറ്റത്തിൽ വീട്ടിൽ സാജൻ തോമസ് (33) നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്. കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ ബിജു അനീസ് സേവ്യറിന്റെ ബൈക്കാണ് ഡിപ്പോയ്ക്കുള്ളിൽ നിന്ന് ഇയാൾ മോഷ്ടിച്ച് കടത്തിയത്. ഒപ്പമുണ്ടായിരുന്ന ആൾ രക്ഷപ്പെട്ടു. ആലപ്പുഴ സൗത്ത് , ചേർത്തല, തിരുവല്ല, പുളിക്കീഴ്, എടത്വ, മൂവാറ്റുപുഴ , തൃശൂർ ഈസ്റ്റ്, അങ്കമാലി, കാലടി, വൈക്കം, ചങ്ങനാശേരി, കോയമ്പത്തൂർ റെയിൽവേ പൊലീസ് സ്റ്റേഷനുകളിലായി അൻപതോളം ബൈക്ക്, മൊബൈൽ ഫോണുകൾ മോഷ്ടിച്ചതിന് ബിജുവിനെതിരെ കേസുകളുണ്ട്. സംസ്ഥാനത്തിനുള്ളിൽ നിന്നും മോഷ്ടിക്കുന്ന ബൈക്കുകളും, മൊബൈൽ ഫോണുകളും പ്രതി കോയമ്പത്തൂരിൽ എത്തിച്ചാണ് വിറ്റിരുന്നത്. കോയമ്പത്തൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മാസങ്ങളായി ഇയാൾ ജയിലിലായിരുന്നു. ലോക്ക് ഡൗൺ ഇളവു ലഭിച്ചതോടെയാണ് ജയിൽ മോചിതനായത്. തുടർന്നു കേരളത്തിലേയ്ക്കു വരുന്നതിനിടെ പാലക്കാട് അതിർത്തിയിൽ ഇയാളെ ക്വാറന്റൈനിൽ പാർപ്പിക്കുകയായിരുന്നു. എന്നാൽ, ഇവിടെ നിന്ന് ചാടി രക്ഷപ്പെട്ടു. കോട്ടയം റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി പരിസരം എന്നിവിടങ്ങളിൽ നിന്നും ഇയാൾ മുൻപും സമാന രീതിയിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.