നെയ്യാറ്റിൻകര: ശ്രീനാരായണ ഗുരു തീർത്ഥാടന സർക്യൂട്ട് പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചു തുടങ്ങിയത് ശ്രീനാരായണീയരെ ഒട്ടൊന്നുമല്ല ആഹ്ളാദഭരിതരാക്കിയിരിക്കുന്നത്.
ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ കോർത്തിണക്കിയാണ് തീർത്ഥാടന സർക്യൂട്ട് ആവിഷ്‌കരിച്ചിരിക്കുന്നത്. ഗുരു ജനിച്ച ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം, അരുവിപ്പുറം, അണിയൂർ ശ്രീ ദുർഗാദേവീ ക്ഷേത്രം, കോലത്തുകര ശിവക്ഷേത്രം, കന്നുംപാറ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം,മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രം, തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം, കായിക്കര കുമാരനാശാൻ സ്മാരകം, ശിവഗിരി ശ്രീനാരായണ ഗുരു ആശ്രമം എന്നിവയെല്ലാം ബന്ധപ്പെടുത്തിയുള്ള തീർത്ഥാടന സർക്യൂട്ടിന്റെ ഭാഗമായി വൻതോതിലുള്ള വികസന പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്.
വൈവിദ്ധ്യമാർന്ന പദ്ധതി
അരുവിപ്പുറത്ത് നിന്ന് ശിവഗിരി വരെ നീളുന്ന തീർത്ഥാടന സർക്യൂട്ടിൽ ഗുരുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ അതതിടങ്ങളിൽ രേഖപ്പെടുത്തും. ശിവഗിരിയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംവിധാനം, ഓപ്പൺ എയർ തിയേറ്റർ, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, രണ്ടായിരം പേർക്ക് ഇരിക്കാവുന്ന ഭക്ഷണശാല, ആരോഗ്യ ശുശ്രൂഷാകേന്ദ്രം, ഔഷധ സസ്യ തോട്ടം, ജലസംഭരണി, മഴവെള്ള സംഭരണി, പാർക്കിഗ് സൗകര്യം, സൗരോർജ പ്ലാന്റ്, ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ തുടങ്ങിയവ ഒരുക്കും.
അരുവിപ്പുറത്ത് സ്ഥാപിക്കുന്ന മ്യൂസിയം കോംപ്ലക്‌സിൽ ആർട്ട് ഗ്യാലറിയും മൾട്ടിമീഡിയ സംവിധാനവും ഗവേഷണ കേന്ദ്രവും ലൈബ്രറിയും ഒരുക്കുന്നതിനൊപ്പം അരുവിപ്പുറത്തെ ഗുഹകളുടെ സംരക്ഷണം, ദശ പുഷ്പ പാർക്ക്, പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ, കല്ലുകൾ പാകിയ നടപ്പാതകൾ, മലമുകളിൽ യോഗാകേന്ദ്രം എന്നിവയും ഒരുക്കുന്നതിനാണ് പദ്ധതിയിട്ടത്.
നാൾ വഴി...
ശിവഗിരിയും ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തി ഒരു തീർത്ഥാടന സർക്യൂട്ട് നടപ്പാക്കണമെന്ന് 2017 ഫെബ്രുവരി 2ന് വി.ജോയി എം.എൽ.എ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. 2017 ഫെബ്രുവരി 17 ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയും ഇങ്ങനെയൊരു പദ്ധതി നടപ്പാക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതുപ്രകാരമാണ് കേന്ദ്രസർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതി പ്രകാരം ശിവഗിരി തീർത്ഥാടന വികസനം നടത്താനാകുമെന്ന് മനസിലാക്കി 118 കോടി രൂപയുടെ പദ്ധതി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മുന്നോട്ട് വച്ചത്. ശിവഗിരി, അഞ്ചുതെങ്ങ് കോട്ട, ആലുവ അദ്വൈതാശ്രമം, നാഗർകോവിൽ മരുത്വാമല, വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം എന്നീ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ബൃഹത് പദ്ധതിയായിരുന്നു ഉദ്ദേശിച്ചത്. കണ്ണൂർ ആസ്ഥാനമായ പ്രമുഖ ആർക്കിടെക്ട് മധുകുമാർ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കി. ശ്രീനാരായണ ധർമസംഘം ഭാരവാഹികളുമായി ചർച്ച ചെയ്ത് അവർ നിർദ്ദേശിച്ച മാറ്റങ്ങൾ കൂടി വരുത്തിയാണ് ശ്രീനാരായണ ഗുരു തീർത്ഥാടന സർക്യൂട്ടിന്റെ ഡി.പി.ആർ തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിച്ചത്.