holo

പൂവാർ: കൊവിഡ് 19 രോഗവ്യാപനം രൂക്ഷമായകെട്ടിട നിർമ്മാണ മേഖല പ്രതിസന്ധിയിലായത് ഹോളോബ്രിക്സ് നിർമ്മാണത്തെയും ലോക്കിലാക്കി. ഗ്രാമീണ മേഖലകളിലാണ് ഹോളോബ്രിക്സ് നിർമ്മാണ യൂണിറ്റുകൾ കൂടുതലായും പ്രവർത്തിക്കുന്നത്. കൂടുതലും സ്വയം തൊഴിൽ സംരംഭങ്ങളാണ്. വിവിധ ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കടമെടുത്ത് തുടങ്ങിയ സംരംഭങ്ങൾ ഇപ്പോൾ നഷ്ടത്തിലാണ്. ലോക്ക് ഡൗണിൽ നാട്ടിലെ ക്വാറികൾ അടച്ചുപൂട്ടുകയും അസംസ്‌കൃത വസ്തുക്കളായ മെറ്റൽ, പാറപ്പൊടി തുടങ്ങിയവ കിട്ടാതെയായി. ഗതാഗത നിയന്ത്രണം വന്നതോടെ സിമന്റിന്റെ വരവും കുറഞ്ഞു. യാത്രാവിലക്കു കാരണം കുറഞ്ഞകൂലിക്ക് പണിയെടുത്തിരുന്ന അന്യസംസ്ഥാന തൊഴിലാളികളെയും കിട്ടാതെയായി. നാമമാത്രമായി പ്രവർത്തിക്കുന്ന യൂണിറ്റുകളാകട്ടെ പാറപ്പൊടിയും മെറ്റലും തമിഴ്നാട്ടിൽ നിന്നും എത്തിക്കേണ്ട ഗതികേടിലാണ്. കന്യാകുമാരി ജില്ലയിലെ ക്വാറികൾ പ്രവർത്തിക്കാത്തതിനാൽ തിരുന്നെൽവേലിയിൽ നിന്നും വലിയ വാഹനത്തിൽ കുടുതൽ അളവ് സാധനങ്ങൾ കൊണ്ടുവരാൻ നിർബന്ധിക്കപ്പെടുകയാണെന്നും സംരംഭകർ പറഞ്ഞു. അസംസ്കൃത വസ്തുക്കളുടെ വില വർദ്ധിച്ചതും തിരിച്ചടിയായി. ഇതോടെ ഹോളോബ്രിക്സുകൾക്കും വില കൂട്ടേണ്ടി വന്നിരിക്കുകയാണ്. വില്പനയില്ലാത്തതിനാൽ പലരുടെയും ലോൺ കുടിശികയായി. വേണ്ടത്ര ആവശ്യക്കാർ ഇല്ലാത്തതിനാൽ സിമെന്റ് മെറ്റീരിയലുകളായ ജന്നൽ, കട്ടള, സിമെന്റ് റിംഗ്സ്, ഫളവർ പോട്ട്, സിമെന്റ് പില്ലർ, ഇന്റർലോക്ക് ബ്രിക്സ്, കോൺക്രീറ്റ് സ്ലാബ്, ഫിഷ് ടാങ്കുകൾ തുടങ്ങിയവയുടെ നിർമ്മാണവും പ്രതിസന്ധിയിലായി.

അസംസ്കൃത വില

100 കുട്ട പാറപ്പൊടി - 30,000 രൂപ

സിമെന്റ് വില - 410 രൂപ

കല്ലിന്റെ നിലവിലെ വില

4 ഇഞ്ച് കല്ല് - 26 രൂപ

6 ഇഞ്ച് കല്ല് - 37 രൂപ

8 ഇഞ്ച് കല്ല് - 48 രൂപ