moidheen
തെയ്യത്തുംകടവിൽ നിർമ്മിക്കുന്ന പാർക്കിൽ സ്ഥാപിക്കാനുള്ള ബി.പി മൊയ്തീന്റെ ശിൽപം

മുക്കം: മുക്കത്തിന്റെ വീരപുത്രൻ ബി.പി മൊയ്തീൻ തെയ്യത്തും കടവിൽ പുനർജനിക്കുന്നു. 38 വർഷം മുൻപ് ഈ കടവിലായിരുന്നു അദ്ദേഹത്തിന്റെ ജീവൻ പുഴയെടുത്തത്. ഇരുവഞ്ഞിപുഴയിൽ കടത്തു തോണി മറിഞ്ഞുണ്ടായ അപകടത്തിൽ സഹയാത്രികരെ രക്ഷപ്പെടുത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ജീവൻ പുഴ കവർന്നത്.
'എന്ന് നിന്റെ മൊയ്തീൻ' സിനിമയാണ് പലരുടെയും മനസിൽ ഈ പ്രേമ നായകനെ പ്രതിഷ്ഠിച്ചത്. നാട്ടിൽ നിന്നും മറുനാട്ടിൽ നിന്നുമായി സിനിമ കണ്ടവർ പലരും ഇരുവഞ്ഞിപുഴയും തെയ്യത്തുംകടവും കാണാൻ എത്തിയിരുന്നു. എന്നാൽ പുഴയും കടവുമെല്ലാം ആകെ മാറി. കടത്തു തോണി അപ്രത്യക്ഷമായി. കൂറ്റൻ കോൺക്രീറ്റു പാലം വന്നു. പ്രണയത്തെ പോലെ തന്നെ സഹജീവികളുടെ ജീവന് മൊയ്തീൻ നൽകിയ കരുതലിന്റെ അലിവു കൂടി ചേരുമ്പോഴാണ് മൊയ്തീൻ-കാഞ്ചനമാരുടെ പ്രണയം അനശ്വര പ്രണയകാവ്യമായി മാറിയത്.

തോണി മറിഞ്ഞ് അപകടത്തിൽ പെട്ടവരെ രക്ഷപെടുത്തുന്ന പ്രവർത്തനത്തിനിടെ തന്റെ നേരെ എറിഞ്ഞു കിട്ടിയ കയറിൽ പിടിക്കാതെ മൊയ്തീൻ പറഞ്ഞത് ഒരു സ്ത്രീ ഒഴുകി വരുന്നുണ്ട്, കയർ അവർക്ക് എറിഞ്ഞു കൊടുക്കൂ എന്നായിരുന്നു. ഇരുവഞ്ഞിയിലെ ചുഴി ആഴങ്ങളിലേക്ക് വലിച്ചെടുക്കും മുൻപ് അദ്ദേഹത്തിന്റെ നാവിൽ നിന്നുതിർന്ന അവസാന വാക്ക് ഇതായിരുന്നു.
അങ്ങനെ ജീവിതത്തെക്കാൾ മഹത്തായ ജീവത്യാഗമായി മൊയ്തീന്റെ കഥ മാറുകയായിരുന്നു. രാഷ്ട്രപതിയിൽ നിന്ന് ധീരതയ്ക്കുള്ള മരണാനന്തര ബഹുമതിയും അദ്ദേഹത്തിനു ലഭിച്ചു. ഓരോ മുക്കത്തുകാരന്റെയും മനസിൽ നനുത്ത നൊമ്പരവും അഭിമാനവുമായി മൊയ്തീൻ ഇന്നും ജീവിക്കുന്നു. എന്നാൽ വരും തലമുറയും അദ്ദേഹത്തെ സ്മരിക്കാൻ തെയ്യത്തും കടവിൽ ഒരു സ്മാരകമെന്ന മോഹം മുക്കം നഗരസഭ യാഥാർത്ഥ്യമാക്കുകയാണ്. പുഴയോരത്ത് മൊയ്തീൻ സ്മരണയ്ക്ക് ഉചിതമായ ഒരു പാർക്ക് രൂപപ്പെടുത്താനുള്ള ശ്രമമാണ് തുടങ്ങിയത്.
മുക്കത്തിന്റെ അതിർത്തികൾ ഭേദിച്ച് പ്രണയത്തിന്റെയും മനുഷ്യത്വത്തിന്റെയും പ്രതിരൂപമായി മാറിയ മൊയ്തീൻ ജീവത്യാഗം ചെയ്ത കടവിൽ ഉചിതമായ ഒരു സ്മാരകമാകും ഉയരുക.

പാർക്കിനെ മനോഹരമാക്കാൻ ഒരു പുൽത്തകിടി, കാലങ്ങൾക്ക് സാക്ഷിയായ പുഴയെ നോക്കിയിരിക്കാൻ ഇരിപ്പിടങ്ങൾ, ലൈറ്റിംഗ് സംവിധാനങ്ങൾ, കുട്ടികൾക്കുള്ള കളി ഊഞ്ഞാലുകൾ, പൂച്ചെടികൾ അങ്ങനെ എല്ലാം ക്രമേണ ഒരുക്കും

എൻ.കെ. ഹരീഷ്

നഗരസഭ സെക്രട്ടറി