മലയിൻകീഴ്: കരാറുകാരൻ കൊടുക്ക 'പണിയിൽ" അടഞ്ഞു കിടന്ന മാറനല്ലൂർ പൊലീസ് സ്റ്റേഷൻ റോഡ് കേരളകൗമുദി വാർത്തയെ തുടർന്ന് റോഡ് നവീകരിച്ചു. നവീകരണത്തിനായി മാറനല്ലൂർ - പുന്നാവൂർ ഇടറോഡിൽ പാറ വേസ്റ്റിറക്കി മാസങ്ങളോളം അടച്ചിട്ടിരുന്നു. റോഡിന് വീതി കുറവായതിനാൽ പൊലീസ് വാഹനമുൾപ്പെടെയുള്ളവ കടന്ന് പോകുന്നതിനുള്ള സ്ഥലം സ്വകാര്യ ഡോക്ടർ സൗജന്യമായിട്ടാണ് നൽകിയത്.
റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് ഐ.ബി. സതീഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ കോൺക്രീറ്റ് ചെയ്യാതെ കരാറുകാരൻ കരിങ്കൽവേസ്റ്റിട്ട് പ്രദേശവാസികളുടെ കാൽനടയാത്ര പോലും അസാദ്ധ്യമാക്കി. മാറനല്ലൂർ ജംഗ്ഷനിൽ ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ ടൗൺ വാർഡിലുൾപ്പെട്ട ഈ റോഡിലൂടെയാണ് ചീനിവിള ജംഗ്ഷനിലേക്ക് വാഹനങ്ങളെത്തുന്നത്. വിവിധ ആവശ്യങ്ങൾക്ക് മാറനല്ലൂർ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നത് കണ്ടല ആശുപത്രി റോഡിലൂടെയായിരുന്നു.
മാറനല്ലൂർ - പുന്നാവൂർ റോഡിൽ പൊലീസ് സ്റ്റേഷനിലേക്കുള്ള ബോർഡ് കണ്ട് എത്തുന്നവർ പാതി വഴിയിൽ കുരുങ്ങുന്ന സ്ഥിതിയായിരുന്നു. വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ഇറക്കിയ അസംസ്കൃത വസ്തുക്കളുടെ അരികിലൂടെ സർക്കസ് നടത്തി കഷ്ടിച്ച് ഒരാൾക്ക് പോകാമെങ്കിലും മഴ പെയ്താൽ റോഡ് വെള്ളത്തിലാകും. റോഡ് നവീകരിക്കണമെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ നാട്ടുകാരുടെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ജൂൺ 22ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് റോഡ് നവീകരിച്ചത്.