കൊവിഡ് വ്യാപനം ശക്തമായതോടെ മാസ്കിനൊപ്പം കൈയുറകൾക്കും വൻ ഡിമാന്റാണ്. രോഗം പിടിപെടാതിരിക്കാനും വ്യാപനം തടയാനും ഇവരണ്ടും ഒരു പോലെ പ്രയോജയന പ്രദം തന്നെ. എന്നാൽ ഉപയോഗിച്ച മാസ്കും കൈയ്യുറയും തന്നെ വീണ്ടും ഉപയോഗിക്കുന്നതും പൊതുനിരത്തുകളിൽ വലിച്ചെറിയുന്നതും വിപരീത ഫലം ഉണ്ടാക്കുമെന്ന കാര്യം മറക്കരുത്. ഇതു കൂടാതെ പല സന്ദർഭങ്ങളിലും നാം കൈയുറകൾ അഥവാ ഗ്ളൗസുകൾഉപയോഗിക്കാറുണ്ട്. വാഹനമോടിക്കുമ്പോൾ, ജോലിസ്ഥലങ്ങളിൽ, ആശുപത്രികളിൽ എന്നുതുടങ്ങി അടുക്കളയിൽ വരെ കൈയുറകൾക്ക് സ്ഥാനമുണ്ട്. ചുരുക്കത്തിൽ കൈയുറ നമ്മുടെ നിത്യജീവിതത്തിന്റെ തന്നെ ഭാഗമായിക്കഴിഞ്ഞു.
അടുക്കള, ജോലിസ്ഥലം എന്നിവിടങ്ങളിൽ നിത്യം ഉപയോഗിക്കുന്ന കൈയുറകളെ യൂട്ടിലിറ്റി ഗ്ളൗസ് എന്നാണ് പറയുന്നത്. കട്ടിയേറിയ റബർ കൊണ്ട് നിർമ്മിച്ചതാണവ. ഫാക്ടറികളിലും മറ്റും ഉപയോഗിക്കുന്ന ഗ്ളൗസുകൾ പംഗ്ച്ചർ പ്രൂഫ് കൈയുറകളായിരിക്കും. അതായത് കൂർത്ത അഗ്രമുള്ള വസ്തുക്കൾ കൊണ്ടാലും കേടുവരാത്ത തരത്തിലുള്ളവയാണത്. ഇവ വീണ്ടും ഉപയോഗിക്കാവുന്നതാണ്. മൈക്രോവേവ് അവനിൽ നിന്ന് ഭക്ഷണം പുറത്തെടുക്കാൻ ഉപയോഗിക്കുന്ന കൈയുറകളെ മിറ്റെൻസ് എന്നാണ് പറയുന്നത്. കൈപ്പത്തി മുഴുവനായി മൂടുന്ന തരത്തിൽ കട്ടിയുള്ള ഉറകളാണിവ. ഒരോ വിരലുകളിലായി ഇടാൻ കഴിയാത്തവയാണിത്. ഇവയ്ക്ക് ചൂട് താങ്ങാനുള്ള ശേഷിയുണ്ട്. ആശുപത്രികളിൽ ഡോക്ടർമാരും മറ്റും ഉപയോഗിക്കുന്ന ഗ്ളൗസ് ലാറ്റക്സ്, നൈട്രൽ റബർ, വിനൈൽ എന്നിവ കൊണ്ട് നിർമ്മിച്ചവയാണ്. ഇത് ഉപയോഗിച്ചശേഷം കളയാവുന്ന തരത്തിലുള്ളതാണ്.
കൈയുറൾ ഏതുതരമായാലും കൂടുതൽ നേരം ധരിക്കേണ്ടതാണെങ്കിൽ അവ നിർമ്മിക്കാനുപയോഗിക്കുന്ന വസ്‌തുവിനോട് അലർജിയില്ലെന്ന് എന്നുറപ്പുവരുത്തണം. കൂടാതെ, ഗുണമേന്മയുള്ള തുകലും തുണിയും മറ്റു വസ്തുക്കളും കൊണ്ട് നിർമ്മിക്കുന്നത് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുകയും വേണം. ഗ്ളൗസുകൾ വെള്ളത്തിൽ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കാം. കൈ വിയർത്തിരിക്കുമ്പോഴോ നനഞ്ഞിരിക്കുമ്പോഴോ ഗ്ളൗസ് ധരിക്കുന്നത് ഫംഗസ് ബാധയ്ക്ക് കാരണമാകും. ഏത് ഗ്ളൗസ് ആയാലും കേടുവന്നാൽ പിന്നെ ഉപയോഗിക്കരുത്. കൂടാതെ ഒരാൾ ഉപയോഗിക്കുന്നത് മറ്റൊരാൾ ധരിക്കുകയുമരുത്.
ഡ്രൈവിംഗ് കാര്യക്ഷമമാക്കാം
സ്റ്റിയറിംഗ് വീലിൽ കൈകൾ പിടിക്കുമ്പോൾ ഗ്രിപ്പ് അഥവാ മുറുക്കം ലഭിക്കാനും അതുവഴി വണ്ടിയുടെ നിയന്ത്രണം കൂടുതലായി കിട്ടാനുമാണ് വാഹനമോടിക്കുന്നവർ കൈയുറകൾ ധരിക്കുന്നത്. മൃദുവായ തുകൽ കൊണ്ട് നിർമ്മിച്ച കൈയുറകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഓരോ വിരലുകൾക്കും പ്രത്യേകം പ്രത്യേകം അറയുള്ളതോ അല്ലെങ്കിൽ വെവ്വേറെ ദ്വാരം ഉള്ളതോ ആയ കൈയുറകളുണ്ട്. തണുപ്പുള്ള കാലാവസ്ഥകളിൽ വണ്ടിയോടിക്കുമ്പോഴും അല്ലാത്തപ്പോഴും കൈകളിൽ ചൂട് നിലനിറുത്താൻ ഉള്ളിൽ ലൈനിംഗ് ഉള്ള കൈയുറകളാണ് ഉപയോഗിക്കേണ്ടത്. കൂടുതൽ നേരം വണ്ടിയോടിക്കേണ്ടി വരുന്നവർക്ക് കൈയിലെ തൊലിയുടെ മൃദുത്വം നഷ്ടപ്പെടാതിരിക്കാനും തഴമ്പ് വരാതിരിക്കാനും കൈയുറകൾ സഹായിക്കും.
ഇരുചക്രവാഹനങ്ങൾ ഒടിക്കുന്നവർ തുണി, റബർ, പ്ളാസ്റ്റിക് , ഫോം എന്നിവ കൊണ്ടുള്ള കൈയുറകളാണ് സാധാരണയായി ധരിക്കുന്നത്. ആപകടകരമായ സൂര്യ രശ്മികളിൽ നിന്ന് കൈകളുടെ ചർമ്മത്തെ രക്ഷിക്കാൻ നീളം കൂടിയ, കൈമുട്ടുകൾക്കും മീതെ വലിച്ചിടാവുന്ന രീതിയിലുള്ളതാണ് സ്‌ത്രീകൾ കൂടുതലും ധരിച്ചുകാണുന്നത്. ഇവ പരുത്തിത്തുണി, ബനിയൻ തുണി എന്നിവ കൊണ്ടുള്ളതാണ്.