photo

വിതുര: തൊളിക്കോട് പുളിമൂട് ജംഗ്ഷനിൽ നിന്ന് തുരുത്തിയിലേക്കുള്ള റോഡിന് ഒടുവിൽ ശാപമോക്ഷമാകുന്നു. റോഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടിയുള്ള കേരള കൗമുദി വാർത്തയെ തുടർന്ന് ജില്ലാ പഞ്ചായത്ത്‌ അടിയന്തരമായി ഇവിടം ഗതാഗത യോഗ്യമാക്കുന്നതിന് ഫണ്ടനുവദിച്ചു. 60 ലക്ഷം രൂപയാണ് അനുവദിച്ചത്.

രണ്ടര കിലോമീറ്ററുള്ള റോഡിൽ കുഴികൾ നിറഞ്ഞതോടെ വാഹന, കാൽനട യാത്രകൾ അസാദ്ധ്യമായി. അപകടവും പതിവായി. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. തുടർച്ചയായുള്ള അപകടങ്ങൾ ചൂണ്ടിക്കാട്ടിയുള്ള കേരളകൗമുദി വാർത്തയെ തുടർന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ. മധു റോഡ് സന്ദർശിച്ചിരുന്നു. തുടർന്നാണ് ഫണ്ടനുവദിക്കാമെന്ന് ഉറപ്പ് നൽകിയത്.

 നിർമ്മാണോദ്ഘാടനം ഇന്ന്

റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ. മധു നിർവഹിക്കും. ജില്ലാ പഞ്ചായത്ത്‌ അംഗം ആനാട് ജയൻ, തൊളിക്കോട് പഞ്ചായത്ത്‌ പ്രസിഡന്റ് ഷംനാനവാസ്, വൈസ് പ്രസിഡന്റ് ആർ.സി. വിജയൻ, വെള്ളനാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. വേലപ്പൻ, ബ്ലോക്ക് പഞ്ചായത്തംഗം തോട്ടുമുക്ക് അൻസർ, പഞ്ചായത്ത് അംഗങ്ങളായ അഷ്‌കർ തൊളിക്കോട്, ബി. സുശീല എന്നിവർ പങ്കെടുക്കും. റോഡ് നവീകരിക്കാൻ ഫണ്ടനുവദിച്ച ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ. മധുവിന് തൊളിക്കോട് പഞ്ചായത്ത്‌ പ്രസിഡന്റ് ഷംനാനവാസും, സി.പി.എം തൊളിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എസ്. പ്രേംകുമാറും നന്ദി അറിയിച്ചു.