mullappalli

തിരുവനന്തപുരം: സത്യം ജയിക്കുമെന്ന് പറഞ്ഞ ജലീൽ പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടുമെന്ന സത്യം വിസ്മരിക്കരുതെന്നും വിഷയത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സമൂഹത്തോട് പച്ചക്കളം പറയാനും അതിനെ ന്യായീകരിക്കാനുമാണ് മന്ത്രി കെ.ടി.ജലീൽ ശ്രമിക്കുന്നത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിക്ക് അധികാരത്തിൽ തുടരാൻ യോഗ്യതയില്ല. ഒന്നും ഒളിക്കാനില്ലെന്ന് പറഞ്ഞ ജലീൽ എന്തിനാണ് കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യാൻ വിളിപ്പിച്ചില്ലെന്ന ശുദ്ധനുണ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ച് കോൺസുലേറ്റുമായി ഇടപെട്ടതും സഹായം സ്വീകരിച്ചതും ഗുരുതരമായ തെറ്റാണ്. ഇതുമായി ബന്ധപ്പെട്ടുള്ള ജലീലിന്റെ വിശദീകരണം അവിശ്വസനീയമാണ്. സ്വർണ കള്ളക്കടത്ത് സംഘത്തിന് സഹായകരമായ നിലപാട് മന്ത്രി സ്വീകരിച്ചിട്ടുണ്ടോയെന്നതാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്. അദ്ദേഹത്തെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണ്.

ഒരു മന്ത്രി വ്യാജരേഖ സമർപ്പിച്ച് നികുതി ഇളവ് തേടിയെന്നത് ഞെട്ടിക്കുന്ന കണ്ടെത്തലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.