തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ വരുമാനം നഷ്ടപ്പെട്ട ഹൗസ് ബോട്ട് മേഖലയെയും ടൂറിസ്റ്റ് ഗൈഡുകളെയും സഹായിക്കുന്നതിന് ടൂറിസം വകുപ്പിന്റെ പ്രത്യേക സഹായപദ്ധതി. ടൂറിസ്റ്റ് ഗൈഡുകൾക്ക് പതിനായിരം രൂപ വീതവും ഹൗസ് ബോട്ടുകൾക്ക് 1.20 ലക്ഷം രൂപ വരെയും ഒറ്റത്തവണ സാമ്പത്തിക സഹായം നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരള ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള 251 ടൂറിസ്റ്റ് ഗൈഡുകൾക്കും ഇന്ത്യാ ടൂറിസത്തിന്റെ അംഗീകാരമുള്ള 77 ഗൈഡുകൾക്കും പ്രയോജനം ലഭിക്കും. ഇതിനായി ആദ്യഘട്ടത്തിൽ 32,80,000 രൂപയുടെ ഭരണാനുമതിയായി.
കേരളത്തിൽ സർവീസ് നടത്തുന്ന ആയിരത്തോളം ഹൗസ് ബോട്ടുകൾക്ക് മെയിന്റനൻസ് ഗ്രാന്റ് എന്ന നിലയിലാണ് സാമ്പത്തിക സഹായം. മുറികളുടെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളായി തിരിച്ച് 80,000 രൂപ, ഒരു ലക്ഷം, 1.20 ലക്ഷം എന്നിങ്ങനെയാണ് സഹായം. ഇതിനായി നവംബർ 30ന് മുൻപ് ടൂറിസം വകുപ്പിന് അപേക്ഷ സമർപ്പിക്കണം.
ഉയർന്ന നികുതിനിരക്കിൽ നിന്നു ഒഴിവാക്കാൻ ഹോം സ്റ്രേകളെ കൊമേഷ്യൽ വിഭാഗത്തിൽ നിന്ന് റസിഡൻഷ്യൽ ഹോംസ്റ്റേ വിഭാഗത്തിലേക്ക് മാറ്റിയെന്നും മന്ത്രി അറിയിച്ചു. ഒരു കുടുംബം താമസിക്കുന്ന കെട്ടിടങ്ങളിൽ ടൂറിസ്റ്റുകൾക്കും താമസസൗകര്യം ഒരുക്കുന്ന ഹോം സ്റ്റേകളെ പ്രത്യേക റസിഡൻഷ്യൽ ഹോം സ്റ്റേ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയത്.