തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മൂന്നുമാസത്തേക്ക് സർക്കാർ നിയോഗിച്ച ജൂനിയർ ഡോക്ടർമാർ സേവന കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ പണിമുടക്കിലേക്ക്. പലർക്കും ഒരുമാസത്തെ ശമ്പളംപോലും നൽകാത്തതിലും മറ്റുള്ളവരിൽ നിന്ന് സാലറിചലഞ്ചിന്റെ പേരിൽ ആറുദിവസത്തെ വേതനം പിടിച്ചതിലും പ്രതിഷേധിച്ചാണ് സമരം.
ഒന്നടങ്കം രാജിക്ക് ഒരുങ്ങിയെങ്കിലും പ്രശ്നം പരിഹരിക്കാമെന്ന് മന്ത്രി കെ.കെ.ശൈലജ ഉറപ്പു നൽകിയതോടെ അതിൽനിന്ന് പിൻമാറുകയായിരുന്നു. എന്നിട്ടും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചാണ് സമരം. 42,000രൂപ പ്രതിമാസ ശമ്പളം നൽകുന്നതിന് പണം അനുവദിച്ചതായി സർക്കാർ അറിയിച്ചിരുന്നു.
സർക്കാർ മെഡി.കോളേജുകളിൽ ഈ വർഷം പഠനം പൂർത്തിയാക്കിയ 980 ഡോക്ടർമാരെയാണ് മൂന്നുമാസത്തെ നിർബന്ധിത സേവനത്തിന് നിയോഗിച്ചത്. മേയിൽ ജോലിക്ക് കയറിയ നൂറോളംപേർ യാതൊരു വേതനവും ലഭിക്കാതെ മടങ്ങി. ശേഷിക്കുന്ന 850 പേരാണ് സമരത്തിനൊരുങ്ങുന്നത്. മിക്കവരുടെയും കാലാവധി ഈ മാസം കഴിയും. അടുത്തമാസം പത്തോടെ എല്ലാവരും പുറത്താവും.
ശമ്പളമില്ലാതെ 382പേർ
382 പേർ ഒരു മാസത്തെ ശമ്പളംപോലും ലഭിക്കാതെ ജോലിയിൽ തുടരുകയാണ്. കഴിഞ്ഞമാസം പ്രതിഷേധം ഉയർന്നതോടെ 468പേർക്ക് മാത്രമാണ് ശമ്പളം നൽകിയത്. അതിൽ 161 പേരിൽ നിന്ന് സാലറി ചലഞ്ചിൻെറ പേരിൽ 8400രൂപ പിടിക്കുകയും ചെയ്തു. വരുമാന നികുതിയും കഴിഞ്ഞ് 28000രൂപ തികച്ച് കിട്ടിയില്ല.
'സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കിയാണ് ജോലിക്കെത്തുന്നത്. ഇനിയും ഈ രീതിയിൽ മുന്നോട്ട് പോകാൻ കഴിയാത്തതുകൊണ്ടാണ് സമരത്തിനിറങ്ങുന്നത്.'
- ഡോ. ഓസം ഹുസൈൻ.കെ.പി
പ്രസിഡന്റ്,
ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ