കോട്ടയം : ജില്ലാ പഞ്ചായത്തംഗവും കേരള ജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ലിസി സെബാസ്റ്റ്യൻ (57) നിര്യാതയായി. ഇന്നലെ പുലർച്ചെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. പൂഞ്ഞാർ പയ്യാനിത്തോട്ടം കളപ്പുരയ്ക്കൽപ്പറമ്പിൽ സെബാസ്റ്റ്യൻ ജോസഫിന്റെ ഭാര്യയാണ്. മക്കൾ : ജിതിൻ എസ്.കളപ്പുര, ബിബിൻ എസ്.കളപ്പുര (മീനച്ചിൽ ഈസ്റ്റ് ബാങ്ക്, പൂഞ്ഞാർ). മരുമക്കൾ : ശാരിക ജിതിൻ (എച്ച്.ഡി.എഫ്.സി ബാങ്ക്, വടകര), അഞ്ജു ബിബിൻ (അജ്മി ഫുഡ്സ്).
കെ.എം.മാണിയുമായി തെറ്റിപ്പിരിഞ്ഞ പി.സി ജോർജിന്റെ അഭിമാനം പൂഞ്ഞാർ ഡിവിഷനിൽ കാത്തത് ലിസി സെബാസ്റ്റ്യനായിരുന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന നിർമ്മല ജിമ്മിയെ തറപറ്റിച്ചാണ് ലിസി ജില്ലാ പഞ്ചായത്തിലെത്തിയത്. 2000ൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് അംഗവും, 2010-15ൽ വൈസ് പ്രസിഡന്റുമായി.