കടയ്ക്കാവൂർ: തീരദേശ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം സുഗമമാക്കാൻ സമഗ്രപദ്ധതി. ചിറയിൻകീഴ്, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് പഞ്ചായത്തുകളിലാണ് ജലവിതരണം സ്മാർട്ടാകുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 19.87 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിലെ എല്ലാ പദ്ധതികളും വാമനപുരം നദിയിലെ ജലത്തെ ആശ്രയിച്ചാണ് നടക്കുന്നത്. പുതിയ പദ്ധതിക്ക് ജലമെത്തിക്കുന്നതും ഇവിടെ നിന്നുതന്നെ.
പദ്ധതിയുടെ ഭാഗമായി ഇതിനായി 9 മീറ്റർ വ്യാസത്തിൽ കിണർ നിർമ്മിച്ച് സമീപത്തായി പമ്പ് ഹൗസ് സ്ഥാപിക്കും.അവനവഞ്ചേരിക്കടുത്ത് കപ്പടക്കടവിലാണ് പമ്പ് ഹൗസ് നിർമ്മിക്കുന്നത്. ഇവിടെ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം 2320 മീറ്റർ ആകലെയുള്ള ആറ്റിങ്ങൽ വലിയകുന്നിലെത്തിച്ച് ശുദ്ധീകരിച്ച ശേഷമാണ് ജലവിതരണം നടത്തുക. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന തീരദേശ പഞ്ചായത്തുകൾക്ക് പദ്ധതി വലിയ അനുഗ്രഹമാകും.
സമഗ്ര ടി.വി.വൈ കുടിവെള്ള പദ്ധതിയടെ നിർമ്മാണോദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.
പ്രയോജനം ആയിരങ്ങൾക്ക്
അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, കിഴുവിലം പഞ്ചായത്തുകളിൽ മൂന്ന് ദിവസത്തിലൊരിക്കലാണ് ജലവിതരണം നടക്കുന്നത്. ചിറയിൻകീഴ്, വക്കം പഞ്ചായത്തുകളിൽ രണ്ട് ദിവസത്തിലൊരിക്കലും. രൂക്ഷമായ ജലദൗർലഭ്യം നേരിടുന്ന ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് പുതിയ പദ്ധതി. ഇത് യാഥാർത്ഥ്യമാകുന്നതോടെ ദിവസവും ജലവിതരണം നടത്താനാകുമെന്നാണ് അധികൃതർ പറയുന്നത്.
രണ്ടാംഘട്ടം ഉടൻ
പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ സർവേ നടപടികൾ പൂർത്തീകരിച്ച് കഴിഞ്ഞു. നിലവിലെ കാലപ്പഴക്കമുള്ള പൈപ്പുകൾ മാറ്റി പുതിയ വിതരണ ശൃംഖലയുടെ രൂപകല്പന വാട്ടർ അതോറിറ്റിയുടെ ഡിസൈൻ വിംഗ് ആരംഭിച്ചിട്ടുണ്ട്. ഏകദേശം 25 കോടി ചെലവ് പ്രതീക്ഷിക്കുന്ന രണ്ടാംഘട്ടം ജല ജീവൻ പദ്ധതിയിലുൾപ്പെടുത്തി 2024ൽ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. 3000 കണക്ഷനാണ് രണ്ടാംഘട്ടത്തിൽ നൽകുന്നത്.
പദ്ധതി ചെലവ്: 19.87 കോടി രൂപ
പ്രയോജനം: 3 പഞ്ചായത്തുകൾക്ക്
പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
01. വാട്ടർ പമ്പിംഗ് മെയിൽ
02. ജലശുദ്ധീകരണശാല
03.ക്ലിയർ വാട്ടർ ട്രാൻസ്‌മിഷൻ മെയിൽ
04. പമ്പ് സെറ്റുകൾ
05. ട്രാൻസ്‌ഫോർമറുകൾ