airport

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ എതിർപ്പ് വകവയ്ക്കാതെ തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനിഗ്രൂപ്പിന് കൈമാറാനുള്ള ധാരണാപത്രം എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ ഒപ്പിട്ടു.

കൈമാറ്റത്തിനെതിരായ സർക്കാരിന്റെ കേസിലെ ഹൈക്കോടതി ഉത്തരവിന് അനുസരിച്ചായിരിക്കും തുടർനടപടികൾ. ഉത്തരവ് എതിരായാൽ ടെൻഡർ റദ്ദാക്കി വിമാനത്താവളം എയർപോർട്ട് അതോറിട്ടിയെ ഏൽപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്.

വിമാനത്താവളം കൈമാറ്റത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ട്. തുടർനടപടികളിൽ സഹകരിക്കില്ലെന്ന് പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തിനായി 18ഏക്കർ ഏ​റ്റെടുത്തു നൽകാനുള്ള നടപടികളും മരവിപ്പിക്കും. സർക്കാർ ഭൂമിയിലുള്ള വിമാനത്താവളം സർക്കാരിന്റേതാണെന്നും സർക്കാരിന്റെ അനുമതിയില്ലാതെ അദാനിക്ക് വികസനം പറ്റില്ലെന്നുമാണ് നിലപാട്. ലേലം റദ്ദാക്കി വിമാനത്താവളം സർക്കാരിന്റെ കമ്പനിയായ ടിയാലിന് നൽകണം. അല്ലെങ്കിൽ എയർപോർട്ട് അതോറിട്ടിയുടെ നടത്തിപ്പ് തുടരണം- ഇതാണ് സർക്കാരിന്റെ ആവശ്യം.

വിമാനത്താവള നടത്തിപ്പിനായുള്ള 2019ലെ ലേലത്തിൽ ജയിച്ചെങ്കിലും കേസ് കാരണമാണ് അദാനിക്ക് കരാറൊപ്പിടാൻ കഴിയാതിരുന്നത്. കേസിൽ അന്തിമവിധി വരെ വിമാനത്താവളം കൈമാറരുതെന്ന ഇടക്കാല ഉത്തരവുമുണ്ടായി. എന്നാൽ കേസ് സുപ്രീംകോടതി സ്റ്റേ ചെയ്യാത്തതിനാലാണ് കേന്ദ്രം തുടർനടപടികൾ ആരംഭിച്ചത്. കൊവിഡ് പ്രതിസന്ധി മറികടക്കാനുള്ള സ്വകാര്യവത്‌കരണത്തിൽ വിമാനത്താവളങ്ങളുടെ കൈമാറ്റവും ഉൾപ്പെടുമെന്നാണ് കേന്ദ്രസർക്കാ‌രിന്റെ വിശദീകരണം.

നിയമപോരാട്ടം

 സംസ്ഥാന സർക്കാർ, കെ.എസ്.ഐ.ഡി.സി, മുൻ സ്പീക്കർ എം. വിജയകുമാർ, എയർപോർട്ട് അതോറിട്ടി എംപ്ളോയീസ് യൂണിയൻ എന്നിവരുടെ ഹർജികൾ, കേന്ദ്ര-സംസ്ഥാന തർക്കം ഇവിടെയല്ല ചോദ്യം ചെയ്യേണ്ടതെന്നു വ്യക്തമാക്കി കഴിഞ്ഞ ഡിസംബറിൽ ഹൈക്കോടതി തള്ളിയിരുന്നു.

 ഇതിനെതിരായ അപ്പീലിൽ കേസിന്റെ മെരിറ്റ് പരിഗണിച്ച് ഹൈക്കോടതി വാദം കേൾക്കണമെന്ന് ഫെബ്രുവരിയിൽ സുപ്രീംകോടതി ഉത്തരവിട്ടു.

 സ്വകാര്യവത്കരണം റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിന്റേതുൾപ്പെടെ ഹർജികൾ ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് പാട്ടക്കരാറൊപ്പിടാൻ കേന്ദ്രമന്ത്രിസഭ അനുമതി നൽകിയത്.

 നടപടികൾ സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിട്ടില്ല. ഈ ഹർജിയിൽ വിശദമായ വാദം നടത്താനിരിക്കയാണ്.

ഇതാണ് കരാർ

 അദാനിഗ്രൂപ്പ് ഓരോയാത്രക്കാരനും 168രൂപ വിമാനത്താവള അതോറിട്ടിക്ക് നൽകണം

 50 വർഷത്തേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം, ഭൂമി എന്നിവയാണ് അദാനിക്ക് കൈമാറുക