ന്യൂഡൽഹി / തിരുവനന്തപുരം: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ അന്വേഷണം ഒഴിവാക്കാൻ സുപ്രീംകോടതിയിൽ അപ്പീലുമായി സർക്കാർ. സി.ബി.ഐ 14 പ്രതികൾക്കെതിരെ എറണാകുളം സി.ജെ.എം കോടതിയിൽ എഫ്. ഐ. ആർ സമർപ്പിച്ചിരിക്കെയാണ് സർക്കാരിന്റെ അസാധാരണ നീക്കം.
കേസിൽ ക്രൈംബ്രാഞ്ച് വിശദ അന്വേഷണം നടത്തിയതിനാൽ സി.ബി.ഐക്ക് വിടേണ്ട ആവശ്യമില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. അപ്പീൽ പരിഗണിക്കുമ്പോൾ തങ്ങളുടെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ തടസ ഹർജിയും നൽകിയിട്ടുണ്ട്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിന് രാഷ്ട്രീയ ചായ്വുണ്ടെന്നും വിശ്വാസ്യത ഇല്ലെന്നും രൂക്ഷമായി വിമർശിച്ചാണ് ഒക്ടോബറിൽ ഹൈക്കോടതി അന്വേഷണം സി.ബി.ഐക്ക് വിട്ടത്. ഹൈക്കോടതി സിംഗിൾബഞ്ച് റദ്ദാക്കിയ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം അപ്പീലിൽ നിലനിറുത്തിയിട്ടുണ്ട്.
സി.ബി.ഐക്ക് തടയിടാൻ ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ, കേസ് ഡയറി, ഫോറൻസിക് രേഖകൾ, കുറ്റപത്രം എന്നിവയെന്നും കൈമാറിയില്ല. എന്നിട്ടും സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ഡെപ്യൂട്ടി സൂപ്രണ്ട് ടി.പി.അനന്ത കൃഷ്ണൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്പീലിന് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ മനീന്ദർസിംഗ്, ജൂനിയറായ പ്രഭാസ് ബജാജ് എന്നിവരെ സർക്കാർ രംഗത്തിറക്കി. ഇതിനായി 88ലക്ഷം മുടക്കിയതും വിവാദമായിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ ക്രമക്കേടും ഗൂഢാലോചനയും പുറത്തുവരാതിരിക്കാനാണ് സി. ബി. ഐയെ തടയുന്നതെന്നാണ് പ്രതിപക്ഷ ആരോപണം.
ഹൈക്കോടതി കണ്ടെത്തിയ അട്ടിമറികൾ
രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ.ആറിൽ വിലയിരുത്തിയത് എങ്ങനെ വ്യക്തിവൈരാഗ്യത്തെ തുടർന്നുള്ള കൊലപാതകമായി മാറി ? പ്രതികൾ പറഞ്ഞതാണ് ക്രൈംബ്രാഞ്ച് വിശ്വസിച്ചത്. വ്യക്തിവൈരാഗ്യ വാദം നിലനിൽക്കില്ല.
കൊല്ലപ്പെട്ടവരിൽ ഒരാൾ ഒന്നാംപ്രതി പീതാംബരനെ ആക്രമിച്ചതിന്റെ വൈരാഗ്യമാണെന്ന് ക്രൈംബ്രാഞ്ച്. ഒരാളോടാണ് വൈരാഗ്യമെങ്കിൽ രണ്ടുപേരെയും കൊന്നതെന്തിന്, മറ്റേയാളെ ആട്ടിപ്പായിക്കുകയല്ലേ പതിവെന്ന് കോടതി
കൊലയ്ക്ക് തൊട്ടുമുൻപ് ശരത്തിന്റെ പിതാവിനെ തടഞ്ഞുവച്ചതും ഒരു നേതാവിന്റെ കൊലവിളി പ്രസംഗവും അന്വേഷിച്ചില്ല.
കിണറ്റിൽ ആദ്യം കണ്ട ആയുധങ്ങൾ വ്യാജമായിരുന്നുവെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ആയുധങ്ങളിൽ രക്തക്കറ എങ്ങനെ വന്നെന്നും കൊണ്ടിട്ടത് ആരെന്നും ദുരൂഹം.
അപ്പീലിന് ഇനിയും പണംനൽകും
പെരിയകേസിൽ അപ്പീൽ നൽകാൻ ചെലവായ തുക സർക്കാർ ഖജനാവിൽ നിന്ന് കൊടുക്കും. ആവശ്യമെങ്കിൽ ഇനിയും കാശ് കൊടുക്കും. അപ്പീലിന് ആവശ്യമായ വക്കീലൻമാരെ ഇനിയും കൊണ്ടുവരും. നിയമസംഹിത അനുസരിച്ചുള്ള നടപടിയാണ് സ്വീകരിച്ചത്.
-മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്