തിരുവനന്തപുരം: മൂന്നാർ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലും തുടർന്നുണ്ടായ ജീവഹാനി അടക്കമുള്ള നാശനഷ്ടങ്ങളും യഥാസമയം അധികൃതരെയും പുറംലോകത്തെയും അറിയിക്കുന്നതിൽ ടീ എസ്റ്റേറ്റ് അധികൃതർക്ക് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കുന്നു. ഇതു സംബന്ധിച്ചു വിശദമായ അന്വേഷണം നടത്താൻ സംസ്ഥാന ദുരന്തനിവാരണ കമ്മിഷണറുടെ നേതൃത്വത്തിൽ വിദഗ്ദ്ധരുടെ സേവനം കൂടി ഉൾപ്പെടുത്തി വിശദമായ പരിശോധന നടത്താൻ റവന്യൂ മന്ത്റി ഇ.ചന്ദ്രശേഖരൻ നിർദ്ദേശം നൽകി.
ദുരന്ത സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ പ്രതിരോധ നടപടികൾ മെച്ചപ്പെടുത്തുന്നതിന് പെട്ടിമുടിയിലെ അനുഭവത്തിൽ നിന്നു പാഠങ്ങൾ ഉൾക്കൊണ്ട് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും വിശദമായി പഠിക്കണം. വാർത്താവിനിമയത്തിലുണ്ടായ തകരാറുകൾ മരണ സംഖ്യ ഉയരാൻ ഇടയാക്കിയിട്ടുണ്ടോ എന്നും വിശദമായി പരിശോധിക്കും. ദുരന്ത നിവാരണ നിയമത്തിലെ 30(2) വി, 34(എ) പ്രകാരം മൂന്നാർ സ്‌പെഷ്യൽ തഹസിൽദാരുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം തയാറാക്കിയ സ്ഥിതിവിവരറിപ്പോർട്ടിൽ ദുരന്തം യഥാസമയം പുറംലോകത്തെ അറിയിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നു നിർദ്ദേശിച്ചിരുന്നു. യഥാസമയം അറിയിക്കുന്നതിൽ വീഴ്ചയുണ്ടായതു മൂലമാണോ ദുരന്തത്തിന്റെ തീവ്രത കൂടിയതെന്ന സംശയവും പ്രത്യേക സംഘം ചൂണ്ടിക്കാട്ടിയിരുന്നു.