തിരുവനന്തപുരം: 30 കിലോമീറ്റർ റോഡുണ്ടാക്കാൻ സംസ്ഥാന സർക്കാരിന് എത്രവർഷം വേണം? തിരക്കേറിയ നാഗർകോവിൽ റൂട്ടിൽ റോഡിന് വീതികൂട്ടണമെന്ന ആവശ്യത്തിന് മുപ്പത് വർഷത്തെ പഴക്കമുണ്ട്. 2010നാണ് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ കരമന-കളിയിക്കാവിള പാതാ വികസന പ്രവർത്തനം ഉദ്ഘാടനം ചെയ്തത്. പിന്നെയും വർഷങ്ങളെടുത്തു കരമന മുതൽ പ്രാവച്ചമ്പലം വരെ അഞ്ചര കിലോമീറ്റർ വികസിക്കാൻ. അടുത്ത അഞ്ചര കിലോമീറ്റർ പൂർത്തിയാവാൻ അടുത്ത കൊല്ലമാവും. അതേസമയം, അതിനുശേഷമുള്ള റോഡിന്റെ സ്ഥലമേറ്റെടുപ്പ് ആയിട്ടില്ല. ഈ പോക്ക് പോയാൽ ഒരു പതിനഞ്ച് വർഷമെങ്കിലും വേണ്ടിവരും പദ്ധതി മുഴുവൻ പൂർത്തിയാവാൻ. കഴക്കൂട്ടം- കാരോട് ദേശീയപാതാ വികസനം മിന്നൽ വേഗതയിൽ നടക്കുമ്പോഴാണ് കരമന- കളിയിക്കാവിള പാതാ വികസനം ഇഴഞ്ഞു നീങ്ങുന്നത്.
തുടക്കം മുതൽ പാര
നിർമ്മാണം വൈകുന്നത് നിക്ഷിപ്ത താല്പര്യക്കാരുടെ എതിർപ്പ് കാരണമാണെന്ന ആക്ഷേപം ശക്തമാണ്. റോഡ് വികസനത്തിന് തറക്കല്ലിട്ടപ്പോൾ ഒളിഞ്ഞും തെളിഞ്ഞും എതിർക്കുകയായിരുന്നു പലരും ചെയ്തത്. തറക്കല്ലിടലിന്റെ അടുത്ത ദിവസം ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത സംഭവവും ഉണ്ടായി. 30.2 മീറ്റർ വീതിയിൽ റോഡ് വേണ്ട, 22 മീറ്റർ വീതി മതിയെന്നായിരുന്നു ആദ്യ പ്രചാരണം. എന്നാൽ, സെന്റിന് 10 മുതൽ 14 ലക്ഷം രൂപാവരെ നഷ്ടപരിഹാരം ലഭിച്ചപ്പോൾ പല എതിർപ്പുകളും
ഇല്ലാതായി.
പല റീച്ചുകളായി..
2012ലാണ് വീണ്ടും പാതാ വികസനം സജീവമായത്. ആദ്യമുണ്ടായിരുന്നത് നീറമൺകര മുതൽ വഴിമുക്ക് വരെ ഒറ്റ റീച്ച് ആയിരുന്നു. പിന്നീടത് നീറമൺകര- പ്രാവച്ചമ്പലം, പ്രാവച്ചമ്പലം- വഴിമുക്ക് എന്നീ രണ്ട് റീച്ചായി തിരിച്ചു. 2016 മാർച്ച് ഒന്നിനാണ് കരമന- പ്രാവച്ചമ്പലം പാതയുടെ ഉദ്ഘാടനം നടന്നത്. പ്രാവച്ചമ്പലം മുതൽ വഴിമുക്ക് വരെയുള്ള അലൈൻമെന്റ് തയ്യാറാക്കുകയും ബാലരാമപുരം ജംഗ്ഷൻ ഒഴികെ കുറെ സ്ഥലത്ത് അതിരിട്ട് കല്ലിടുകയും ചിലർക്ക് നഷ്ടപരിഹാരം കൊടുക്കുകയും ചെയ്തിരുന്നു. രണ്ടാമത്തെ റീച്ചിനെ വീണ്ടും പ്രാവച്ചമ്പലം- കൊടിനടയെന്നും കൊടിനട- വഴിമുക്കെന്നും രണ്ടായി തിരിച്ചു. പ്രാവച്ചമ്പലം മുതൽ കൊടിനട വരെയുള്ള വികസനം ഈ വർഷം നവംബറിലാണ് പൂർത്തിയാക്കേണ്ടത്. ലോക്ക് ഡൗൺ മൂലവുംമറ്റും പണി നീണ്ടു. ഇനി ഇത് പൂർത്തിയാവാൻ അടുത്തവർഷമാകും.
കുരുക്കൊഴിയില്ല
പ്രാവച്ചമ്പലം - കൊടിനട റീച്ചിലെ പണി പൂർത്തിയായാലും ഗതാഗതക്കുരുക്ക് മൂലമുള്ള പ്രശ്നങ്ങൾ തീരില്ല. കളിയിക്കാവിള ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കൊടിനടയിലെത്തിയാൽ കുരുക്കിലാവും. അവിടെ നിന്നങ്ങോട്ട് ഭൂമിയേറ്റെടുക്കലും നടന്നിട്ടില്ല. കൊടിനട -കളിയിക്കാവിള വികസനത്തിനായി ജനപ്രതിനിധികൾ ചില അലൈൻമെന്റുകൾ കാണിച്ചെങ്കിലും സർക്കാർ ഇതിന് അവസാന ക്ലിയറൻസ് നൽകിയിട്ടില്ല. റോഡിനായി സ്ഥലം പോകുന്നവർ അതിൽ മറ്റൊന്നും ചെയ്യാനാകാതെ സർക്കാർ ഏറ്റെടുക്കുന്നതും കാത്തിരിപ്പാണ്. ബാലരാമപുരത്താണെങ്കിൽ 200 മീറ്ററിൽ ഒരു ഭാഗത്ത് മാത്രമാണ് നിർമ്മാണം നടത്താൻ പോകുന്നത്. ബാലരാമപുരം ജംഗ്ഷനിൽ എന്തുവികസനമാണെന്ന് സർക്കാർ ഇപ്പോഴും തീരുമാനിച്ചിട്ടില്ല. ഓവർ ബ്രിഡ്ജ് വേണോ അണ്ടർപാസ് വേണോ, റോഡ് വീതികൂട്ടാനായി സ്ഥലമെടുക്കണമോ എന്ന കാര്യത്തിലൊന്നും തീരുമാനമായില്ല.
''
ബാലരാമപുരത്ത് ഭൂമിയേറ്രെടുക്കാൻ നടപടിയെടുക്കും. 200 മീറ്ററിൽ ഒരു ഭാഗത്ത് മാത്രം എന്ന വിമർശനത്തിൽ കാര്യമല്ല. അത് സർക്കാർ ഭൂമി ആയതുകൊണ്ടാണ്. ബാക്കി ഭൂമിക്ക് ഏറ്റെടുക്കൽ നടപടി തുടങ്ങുന്നതേയുള്ളൂ. വികസന സമിതിക്കാർ ഭൂമിയേറ്റെടുക്കാനും സഹായിക്കണം.
-പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ്'
ഈ സർക്കാരിന്റെ കാലത്ത് വഴിമുക്ക് വരെയുള്ള റോഡ് നിർമ്മാണം പൂർത്തിയാക്കണം. വഴിമുക്ക്- കളിയിക്കാവിള അലൈൻമെന്റിന്റെ പേരിൽ ആറ് വർഷങ്ങളായി ജനങ്ങളെ കബളിപ്പിക്കുകയാണ്.
- എസ്. കെ.ജയകുമാർ, ജനറൽ സെക്രട്ടറി,
കരമന-കളിയിക്കാവിള ദേശീയ പാത വികസന സമിതി