photo

നെടുമങ്ങാട് :അരുവിക്കരയിൽ യുവാക്കൾക്ക് കായിക പരിശീലനത്തിന് സ്റ്റേഡിയവും സർക്കാർ ഹയർ സെക്കൻഡറി സ്കൂളിനു പുതിയ മന്ദിരവും യാഥാർത്ഥ്യമായി. 38.50 ലക്ഷം രൂപ ചെലവിട്ടാണ് സ്റ്റേഡിയം സജ്ജമാക്കിയത്. 23 സെന്റ് സ്ഥലത്ത് ജില്ല പഞ്ചായത്ത് 20 ലക്ഷം, ബ്ലോക്ക് 10 ലക്ഷം, ഗ്രാമപഞ്ചായത്ത് 5 ലക്ഷം, കായികപ്രേമികൾ സമാഹരിച്ചത് 3.50 ലക്ഷം എന്നിങ്ങനെയാണ് സ്റ്റേഡിയം സജ്ജമാക്കാൻ വിനിയോഗിച്ചത്. ചുറ്റുമതിൽ നിർമ്മാണത്തിന് 23 ലക്ഷം രൂപയും ചെലവിട്ടു.സ്ഥലപരിമിതി മൂലം വീർപ്പുമുട്ടിയ അരുവിക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് പുതിയ ബഹുനില മന്ദിരം നിർമ്മിച്ചത്. സ്കൂൾ കെട്ടിടവും സ്റ്റേഡിയവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നാടിനു സമർപ്പിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ.മിനി,ജില്ലാ പഞ്ചായത്തംഗം എൽ.പി.മായാദേവി എന്നിവർ ചടങ്ങുകളിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയികളെ അനുമോദിച്ചു.കെ.എസ് സുനിൽകുമാർ, അഡ്വ.ആർ.രാജ് മോഹൻ,ഒ.എസ് പ്രീത,ബി.ഷാജു,മണികണ്ഠൻ നായർ,വി.വിജയൻ നായർ,സജീവ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.