prathi

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിന് മുമ്പ് സംഘർഷത്തിൽ ഏർപ്പെട്ടവരെ തമ്മിലടിപ്പിക്കാൻ ശ്രമം നടന്നതായി സൂചന. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും ആയുധങ്ങൾ കരുതിയിരുന്നതായ് പൊലീസിന് വ്യക്തമായി. ഇതിന്റെ തെളിവുകൾ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് ശേഖരിക്കുകയാണ്. ഇതോടെ രണ്ടു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടുന്നതിനായി മനഃപൂ‌ർവ്വം സാഹചര്യം ഒരുക്കിയെന്ന സംശയവും ബലപ്പെട്ടു.പെട്ടന്നുണ്ടായ സംഘർഷമല്ലെന്നും സംഘർഷ സാദ്ധ്യത ഇരുകൂട്ടരും മുൻകൂട്ടി കണ്ടിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.പ്രതികളുടെയും ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട സാക്ഷികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. 27 മുതൽ പ്രതികളുടെ സംഘം ഡി.വൈ.എഫ്‌.ഐ പ്രവർത്തകരെ ആക്രമിക്കാൻ തയാറെടുത്തിരുന്നു. ഇക്കാര്യം ഹഖിനും മിഥിലാജിനും അറിയാമായിരുന്നു. സംഭവ ദിവസം ആക്രമിക്കാൻ തയ്യാറായി പ്രതികൾ കാത്ത് നിൽക്കുന്ന വിവരം കൊല്ലപ്പെട്ടവരുടെ സംഘത്തെ ആരോ ഫോൺ വിളിച്ച് അറിയിച്ചതായും പൊലീസ് സംശയിക്കുന്നുണ്ട്. ഇതിനാലാണ് വാക്കുതർക്കം ഉണ്ടാകുന്നതിന് മുമ്പേ പരസ്പരം ഇരുപക്ഷവും ഏറ്റുമുട്ടിയത്. ആസൂത്രിതമായി സംഘർഷം സൃഷ്ടിക്കാൻ ആരെങ്കിലും ഇടപെട്ടിട്ടുണ്ടാകാം എന്ന രീതിയിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. മുഖ്യ പ്രതികളിൽ രണ്ട് പേരുടെ മൊഴി വീണ്ടുമെടുക്കും. സംഭവ സ്ഥലത്തുണ്ടായിരുന്ന മുഴുവൻ പേരുടെയും ഫോൺ രേഖകളും പൊലീസ് പരിശോധിക്കും.അതേസമയം ഇന്നലെ പ്രതികളെ ഗൂഢാലോചന നടത്തിയ സ്ഥലങ്ങളിലത്തി തെളിവെടുത്തു.മുഖ്യ പ്രതികളിൽ ഒരാളായ അൻസർ, പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച അജിത്ത്, ഷജിത്ത്, നജീബ് എന്നിവരെയാണ് ഡി.വൈ.എസ്.പി എസ്.വൈ. സുരേഷ് കുമാറിന്റെയും വെഞ്ഞാറമൂട് സി.ഐ വിജയരാഘവന്റെയും നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്. കൊലനടന്ന ഉത്രാട ദിവസം രാവിലെ മുത്തിക്കാവിലെ ഫാം ഹൗസിന് സമീപത്തുള്ള റബ്ബർ എസ്റ്റേറ്റിൽ ഒത്തുകൂടിയിരുന്നു ഇവിടെയാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. തുടർന്ന് സംഭവ നടന്ന സ്ഥലത്ത് നിന്ന് പ്രതികൾ രക്ഷപ്പെടുമ്പോൾ ബൈക്കിന്റെ പെട്രോൾ തീർന്ന സ്ഥലമായ മങ്കുഴിയിലും തുടന്ന് പെട്രോൾ വാങ്ങാൻ പോയ മാമൂട്ടിലെ ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിലും പെട്രോൾ വാങ്ങാൻ നജീബിനൊപ്പം പോയ മരുതുംമൂട്ടിലെ തട്ടുകട ഉടമയുടെ കടയിലും തെളിവെടുപ്പ് നടത്തി.