വെഞ്ഞാറമൂട്: ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി ഇലക്ട്രിക് ലൈനിന് മുകളിലൂടെ റോഡിലേക്ക് വീണ് വൈദ്യുതി വിതരണവും ഗതാഗതവും തടസപ്പെട്ടു.പുല്ലമ്പാറ മരുതുംമൂട് ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് 4.30നായിരുന്നു സംഭവം.സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന തെങ്ങ് കടപുഴകി 11കെ.വി ലൈനിന് മുകളിലൂടെ റോഡിലേക്ക് വീഴുകയായിരുന്നു. വെഞ്ഞാറമൂട് ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്ത് എത്തി ഏറെ നേരത്തെ അറ്റകുറ്റ പണികൾക്കൊടുവിലാണ് വൈദ്യുതി വിതരണം പുനസ്ഥാപിച്ചത്. ഗ്രൈഡ് അസി.സ്റ്റേഷൻ ഓഫീസർ ജെ.രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ അരുൺ മോഹൻ, ബിജേഷ്, സനിൽകുമാർ,ശരത്,അൻസർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.