തിരുവനന്തപുരം: സ്‌റ്റോപ്പിൽ നിന്നല്ലാതെ കയറാം, എവിടെ വേണമെങ്കിലും ഇറങ്ങാം. യാത്രക്കാർക്ക് സൗകര്യപ്രദമായ കെ.എസ്.ആർ.ടി.സിയുടെ പുത്തൻ ആശയം യാത്രക്കാർ നെഞ്ചേറ്റിയിരിക്കുകയാണ്. പരീക്ഷണാടിസ്ഥാനത്തിൽ നെടുമങ്ങാട്,പാലോട് ഡിപ്പോകളിൽ നിന്നും ആരംഭിച്ച അൺലിമറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസുകൾ ജില്ലയിൽ ഉടനീളം വ്യാപിപ്പിക്കുന്നു.വിവിധ ഡിപ്പോകളിൽ നിന്നായി 23 ബസുകൾ കൂടി നിരത്തിലിറങ്ങും.
കാട്ടാക്കട നെയ്യാറ്റിൻകര, വെള്ളറട മാരായമുട്ടം, വെള്ളറട ചെമ്പൂര്, കാട്ടാക്കട നെയ്യാറ്റിൻകര, മീനാങ്കൽ നെടുമങ്ങാട്, നെടുമങ്ങാട് കാട്ടാക്കട, കിഴക്കേകോട്ട മലയം, കിഴക്കേകോട്ട മലയിൻകീഴ്, കിഴക്കേകോട്ട കാട്ടാക്കട, മെഡിക്കൽകോളേജ് വെമ്പായം, നെടുമങ്ങാട് പോത്തൻകോട്, കിഴക്കേകോട്ട പോത്തൻകോട്, നെടുമങ്ങാട് പേരൂർക്കട, പാലോട് മടത്തറ, വെഞ്ഞാറമൂട് പോത്തൻകോട്, ആറ്റിങ്ങൽ കടയ്ക്കൽ, കിളിമാനൂർ പാരിപ്പള്ളി പാതകളിൽ അൺലിമിറ്റഡ് ഓർഡിനറി ബസുകൾ ഓടിത്തുടങ്ങും. നെടുമങ്ങാട് ഡിപ്പോയിലെ ഓർഡിനറി ബസിന് കഴിഞ്ഞ ദിവസം ലഭിച്ചത് 22,760 രൂപയാണ്. ടെമ്പോ, ട്രക്കർ എന്നിവയുടെ സമാന്തര ഓട്ടം അവസാനിപ്പിക്കാൻ അൺലിമിറ്റഡ് ഓർഡിനറിയിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. സ്‌റ്റോപ്പുകളിൽ പരിമിതമായ നിയന്ത്രണം മാത്രമാണ് വരുത്തിയിട്ടുള്ളത്. വളവുകൾ, പാലങ്ങൾ, ഗതാഗത തടസമുണ്ടാകുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലൊഴികെ മറ്റെങ്ങും യാത്രക്കാർക്ക് സൗകര്യപ്രദമായ വിധത്തിൽ ബസുകൾ നിറുത്താനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.