പാറശാല: ഉദിയൻകുളങ്ങരയിലെ പാർട്ടി വക കെട്ടിടത്തിനുള്ളിൽ സി.പി.എം പ്രവർത്തക ആത്മഹത്യ ചെയ്ത സംഭവത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ റിലേ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ആശയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്ന പ്രതികളും സി.പി.എം പ്രവർത്തകരുമായ കൊറ്റാമം രാജൻ,അലത്തറ വിളാകം ജോയി എന്നിവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് ചെങ്കൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിലേ സത്യാഗ്രഹം നടക്കുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഉദിയൻകുളങ്ങര ജംഗ്ഷനിലെ സമരപ്പന്തലിനു സമീപം എത്തിച്ചേർന്നപ്പോൾ മൃതദേഹത്തിൽ റീത്ത് സമർപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കെ.പി.സി.സി സെക്രട്ടറി ആർ.വത്സലനും മർദ്ദനമേറ്റു. മൃതദേഹത്തെ അനുഗമിച്ച സി.പി.എം പ്രവർത്തകർ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചെന്നാണ് ആരോപണം. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. കോൺഗ്രസ് നേതാക്കളായ ആർ.സെൽവരാജ്, എ.റ്റി. ജോർജ്,കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ, ചെങ്കൽ ബ്ലോക്ക് പ്രസിഡന്റ് വി.ശ്രീധരൻ നായർ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വട്ടവിള വിജയൻ,എം.ആർ.സൈമൺ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ നായർ, എം.ബെനഡിക്ട്,പ്രാണകുമാർ,മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എസ്.ഉഷാകുമാരി,കെ.പി.സി.സി അംഗം പൊഴിയൂർ ജോൺസൺ,പാറശാല ബ്ലോക്ക് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, മണ്ഡലം പ്രസിഡന്റുമാരായ എൻ.പി.രജ്ഞിത് റാവു,ആറയൂർ രാജശേഖരൻ നായർ,വി.ഭുവനചന്ദ്രൻ നായർ,സി.എ.ജോസ്,സിദ്ധാർത്ഥൻ നായർ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ചെങ്കൽ റെജി,കുളത്തൂർ സന്തോഷ് കുമാർ,കെ.അജിത്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.