robin-raj

ഇരവിപുരം: അപവാദ പ്രചാരണങ്ങളെ തുടർന്ന് പട്ടത്താനം സ്വദേശിയായ പത്തൊൻപതുകാരി തൂങ്ങി മരിച്ച സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി രണ്ടുപേരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടും മൂന്നും പ്രതികളായ വടക്കേവിള ശ്രീനഗർ ആറ് രാജ്ഭവനിൽ റോബിൻ രാജ് (20), കൊല്ലം പള്ളിത്തോട്ടം ചേരിയിൽ വാടി പനമൂട് പുരയിടത്തിൽ എസ്.എൻ കോട്ടേജിൽ സോജിൻ (19) എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി വിദേശത്താണ്.

2019 ഒക്ടോബർ 20 നാണ് പെൺകുട്ടി തൂങ്ങി മരിച്ചത്. തുടർച്ചയായുള്ള അപവാദവും ഭീഷണിയുമാണ് ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് പൊലീസ് പറയുന്നു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് പെൺകുട്ടി പ്രതികളുമായി മൊബൈൽ ഫോൺ വഴി ചാറ്റിംഗ് നടത്തിയതിന്റെ വിവരങ്ങൾ സൈബർ സെൽ വഴി പൊലീസിന് ലഭിച്ചിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ കെ. വിനോദ്, എസ്.ഐമാരായ എ.പി.അനീഷ്, ബിനോദ് കുമാർ, ദീപു, പ്രൊബേഷണറി എസ്.ഐ അഭിജിത്ത്, ജി.എസ്.ഐ.സുനിൽ, സി.പി.ഒ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.