തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനങ്ങളുടെ പുക പരിശോധന നവംബർ ഒന്ന് മുതൽ ഓൺലൈൻ മുഖാന്തരമാക്കും. സ്വകാര്യ പുകപരിശോധന കേന്ദ്രങ്ങളുടെ സംഘടിത തട്ടിപ്പു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണിത്.
ടെസ്റ്റ് തുടർന്നും നിലവിലുള്ള പരിശോധനാകേന്ദ്രങ്ങളിലായിരിക്കുമെങ്കിലും മോട്ടോർ വാഹന വകുപ്പിന്റെ വാഹൻ സോഫ്ട്‌വെയറുമായി അവിടത്തെ കമ്പ്യൂട്ടറുകൾ ബന്ധിപ്പിക്കും. സർട്ടിഫിക്കറ്റുകളുടെ കാലാവധി കഴിയുമ്പോൾ വാഹന ഉടമയ്ക്ക് എസ്.എം.എസായി സന്ദേശം ലഭിക്കും.
2012ന് ശേഷം പുറത്തിറങ്ങിയ ബി.എസ്- 4 (ഭാരത് സ്റ്റേജ് എമിഷൻ നോംസ്) വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റിന് ഒരു വർഷത്തെ കാലപരിധിയാണുള്ളത്. എന്നാൽ, സംസ്ഥാനത്തെ പുക പരിശോധനാകേന്ദ്രങ്ങൾ നൽകുന്നത് 6 മാസത്തെ സർട്ടിഫിക്കറ്റാണ്. ഒരു വർഷത്തിൽ രണ്ട് തവണ സർട്ടിഫിക്കറ്റ് വാങ്ങേണ്ടി വരുന്നു. നിയമ പ്രകാരം, നിലവിൽ ബി.എസ്- 3 മുതലുള്ള പഴയ വാഹനങ്ങൾക്കാണ് 6 മാസത്തെ സർട്ടിഫിക്കറ്റ്. എന്നാൽ, കേന്ദ്രസർക്കാർ 2012ൽ ഇറക്കിയ ഉത്തരവ് കേരളത്തിൽ നടപ്പിലായില്ല. നിയമം നടപ്പിലാക്കണമെന്ന് 2018ൽ മോട്ടോർ വാഹനവകുപ്പ് നിർദേശിച്ചിട്ടും സ്ഥാപന ഉടമകൾ സംഘടിതമായി ചെറുത്തു. തട്ടിപ്പ് കണ്ടെത്തിയതോടെ, സർട്ടിഫിക്കറ്റ് നേടിയ ബി.എസ് 4 വാഹനങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ കാലാവധി ആറ് മാസത്തിൽ നിന്ന്ഒരു വർഷമായി നീട്ടി നൽകാനാണ് തീരുമാനം.
ആദ്യം തർക്കിച്ചത് ഐ.പി.എസുകാരൻ
ആറു മാസം മുമ്പ് ഡൽഹിയിൽ നിന്നുള്ള ഐ.പി.എസുകാരൻ സംസ്ഥാനത്തെ വാഹന പുകപരിശോധന കേന്ദ്രത്തിലെത്തിയപ്പോൾ ബി.എസ് 4 വാഹനത്തിന് നൽകിയത് ആറു മാസത്തെ സർട്ടിഫിക്കറ്റ്. തർക്കിച്ചിട്ട് ഫലമുണ്ടായില്ല. സംസ്ഥാന മോട്ടോർ വാഹന വകുപ്പിന് ഇ-മെയിലിൽ പരാതി അയച്ചു. ഗതാഗത മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗത്തിനുമുണ്ടായി ഇതേ അനുഭവം.
പിഴ 2000 രൂപ
പുക പരിശോധനാ സർട്ടിഫിക്കറ്റില്ലെങ്കിൽ ,2019ൽ പുതുക്കിയ നിയമ പ്രകാരം പിഴ 2000 രൂപയാണ്. പരിശോധനാ ഫീസ്- ടൂ വീലർ: 80 ,ഓട്ടോറിക്ഷ : പെട്രോൾ-80, ഡീസൽ-90, ലൈറ്റ് മോട്ടർ വെഹിക്കിൾ: പെട്രോൾ-100, ഡീസൽ -110, ഹെവി മോട്ടർ വെഹിക്കിൾ: 150