oomen-chandi-

മന്ത്രിയാണല്ലോ- എന്തു വിളിക്കണം?​ ഞാൻ ആലോചിച്ചു. എല്ലാവരും വിളിക്കുന്നതുപോലെ അച്ചായാ എന്നു വിളിക്കാം. അങ്ങനെ ഞാനും വിളിച്ചുനോക്കി: 'അച്ചായാ...' വിളി കേൾക്കുമെന്നു വിചാരിച്ചെങ്കിലും മറുപടി ഇങ്ങനെയായിരുന്നു: ''ആ വിളി വേണ്ട! എല്ലാവരും എന്നെ വീട്ടിൽ വിളിക്കുന്നത് കുഞ്ഞൂഞ്ഞെന്നാണ്. അങ്ങനെ വിളിച്ചാൽ മതി. അതാണ് എനിക്കിഷ്ടം.''

കുഞ്ഞൂഞ്ഞ്! അതൊരു നീട്ടിവിളിയാണല്ലോ. വളിക്കാൻ ഒരു രസമില്ല. ഞാനതിനെയൊന്ന് എഡിറ്റു ചെയ്ത് കു‍ഞ്ഞാക്കി. എന്നിട്ട് പല ടോണിൽ സ്വയം വിളിച്ചുനോക്കി: ''കുഞ്ഞേ...!'' കൊള്ളാം; നന്നായിട്ടുണ്ടെന്ന് സ്വയം സർട്ടിഫിക്കറ്റും നൽകി. മനസ്സമതം കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷമായിരുന്നു കല്യാണം. ആ ഇടവേളയിലാണ് ആദ്യം കുഞ്ഞെന്നു വിളിച്ചത്. അതിനപ്പുറമൊരു വിളി ഇന്നും എന്റെ നാവിൻതുമ്പിൽ വരില്ല.

എന്നെ ബാവ എന്നു വിളിക്കും. അത് എന്റെ വീട്ടിലെ പേരാണ്. എന്റെ ഒരു സഹോദരൻ മൂന്നാം വയസിൽ മരിച്ചുപോയിരുന്നു. അവന്റെ ഓർമ്മയ്ക്കാണ് അച്ഛനും അമ്മയും എന്നെ ബാവ എന്നു വിളിച്ചുതുടങ്ങിയത്. അങ്ങനെ വീട്ടിൽ ഞാൻ എല്ലാവരുടെയും ബാവയായി. മറിയാമ്മ എന്നത് പള്ളിയിലെ പേരാണ്.

ഒത്തിരി പ്രത്യേകതകൾ ഉള്ളയാളാണ് കുഞ്ഞ്. ഒരിക്കൽപ്പോലും എന്നോട് ദേഷ്യപ്പെട്ടിട്ടില്ല. ഒരു വീട്ടുകാരന്റെ ചുമതലകൾ മുഴുവനായി ചെയ്തുതീർത്തെന്ന് പറയാനുമാവില്ല. ഇനി അതിനെപ്പറ്റി പറഞ്ഞിട്ടു കാര്യമില്ലല്ലോ. വീട്ടിലെ ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ല. അതിനായി ഒട്ടും സമയം തന്നിട്ടുമില്ല. ആശ്വസിപ്പിച്ച് ഒരുവാക്ക് പറഞ്ഞിട്ടില്ല. എന്തിന്; ഞങ്ങൾ തമ്മിൽ കൂടുതൽ നേരം സംസാരിച്ചിട്ടു പോലുമില്ല.

അതിനൊക്കെ സമയം കിട്ടണ്ടേ.

എപ്പോഴും രാഷ്ട്രീയക്കാരും തിരക്കുമാണ്. തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്കുള്ള യാത്രയിലും കുഞ്ഞ് ഫോണിൽത്തന്നെയായിരിക്കും. ഞാൻ മിണ്ടാതിരിക്കും. സത്യം പറഞ്ഞാൽ അതിലൊക്കെ നഷ്ടബോധമുണ്ട്.

മന്ത്രിയായിരുന്നപ്പോഴായിരുന്നു വിവാഹം. അതിനു മുമ്പ് എനിക്ക് ഏജീസ് ഓഫീസിലായിരുന്നു ജോലി. അതു രാജിവച്ച് കാനറ ബാങ്കിൽ ജോലിക്കു കയറി. വീട് കരുവാറ്റയിലാണ്. ജോലി ആലപ്പുഴയിലും. എനിക്കാണെങ്കിൽ തിരുവനന്തപുരത്തേക്ക് തിരിച്ചെത്താൻ മോഹവും. കല്യാണം കഴിഞ്ഞ് മന്ത്രിമന്ദിരമായ 'പ്രശാന്തി'യിലായിരുന്നു താമസം. വെള്ളിയാഴ്ചകളിൽ പുതുപ്പള്ളിയിലെ വീട്ടിൽ പോകും. എന്റെ വീട്ടിലും കൊണ്ടുപോകും.

ഒരിക്കൽ,​ ഒരു കല്യാണത്തിനു പോകണമെന്ന് കുഞ്ഞ് പറഞ്ഞു. ഞാൻ ഒരുങ്ങി വന്നപ്പോഴേക്കും താമസിച്ചുപോയി. കല്യാണവീട്ടിൽ ചെന്നപ്പോൾ ഒറ്റ മനുഷ്യരില്ല. ഞാൻ വിചാരിച്ചു കുഞ്ഞ് ദേഷ്യപ്പെടുമെന്ന്. ഒന്നും പറഞ്ഞില്ല. എനിക്കാകട്ടെ കുറ്റബോധവും. എന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടും കുഞ്ഞ് ദേഷ്യപ്പെട്ടില്ലല്ലോ എന്നതായിരുന്നു എന്റെ സങ്കടം.

രണ്ടു കാര്യങ്ങളാണ് കുഞ്ഞ് എന്നെ ഓർമ്മിപ്പിച്ചത്. രാഷ്ട്രീയക്കാരന്റെ ഇമേജിന്റെ അമ്പതു ശതമാനം ഭാര്യയാണ് എന്നത് ആദ്യത്തേത്. ചെരിപ്പിട്ട് ഒരു വീട്ടിലും കയറരുതെന്ന് രണ്ടാമത്തെ കാര്യം. വീടുകളിൽ ചെന്നാൽ പൂമുഖത്തിരിക്കാതെ അകത്തു കയറി എല്ലാവരോടും നന്നായി ഇടപെടണമെന്ന് ഉപദേശിക്കും. ഞാൻ അതെല്ലാം അതുപോലെ പാലിച്ചു. കുഞ്ഞിന് ഇഷ്ടമില്ലാത്ത ഒരു കാര്യവും ചെയ്തിട്ടില്ല. കള്ളത്തരം കാണിച്ചിട്ടില്ല. പല കാര്യങ്ങളിലും ഞങ്ങൾക്ക് ഒരേ മനസ്സാണ്. ഷോപ്പിംഗ് ഇല്ല, ഒന്നിനോടും അമിത ഭ്രമവുമില്ല. കഴിക്കാൻ കപ്പയും മീനുമാണ് ഏറ്റവും ഇഷ്ടം.

തിരിച്ച് ഞാൻ കുഞ്ഞിനു നൽകിയിട്ടുള്ളത് ഒറ്റ ഉപദേശമാണ്. ദൈവം ആഗ്രഹിക്കുന്നതു പോലെയാണ് നമ്മുടെ ജീവിതം- അങ്ങനെയല്ലാതെ ഒന്നും ആഗ്രഹിക്കരുത്. ആത്മീയചിന്ത വേണം. കുഞ്ഞ് എല്ലാ ഞായറാഴ്ചയും പുതുപ്പള്ളി പള്ളിയിൽ പോകുന്നു.

കുഞ്ഞ് ഇതുവരെ എന്നോട് പിണങ്ങിയിട്ടില്ലെങ്കിലും ഞാൻ പിണങ്ങാറുണ്ട്. പക്ഷെ അതിന് ഒരു മണിക്കൂറിന്റെ ആയുസ്സേ കാണൂ. അപ്പോഴേക്കും പിണക്കത്തിന്റെ കാര്യം ഞാൻ മറന്നുപോകും!

ഞങ്ങൾ അനുഭവിച്ചതു പോലുള്ള ടെൻഷൻ ഏതു രാഷ്ട്രീയക്കാരുടെ കുടുംബം അനുഭവിച്ചിട്ടുണ്ട്?​ ഒരു തെറ്റും ചെയ്യാതെയല്ലായിരുന്നോ പലതും കേൾക്കേണ്ടിവന്നത്?​ ദൈവം ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. ദൈവത്തോട് നന്ദിയുണ്ട്. ആയുരാരോഗ്യമുണ്ടാകണേ എന്നാണ് പ്രാർത്ഥന.