നെയ്യാറ്റിൻകര: നഗരത്തിൽ വീടുള്ളവർ മരിച്ചാൽ പോലും സംസ്കരിക്കാൻ നെയ്യാറ്റിൻകരയിൽ ഇടമില്ല. ഇതുകാരണം 22 കിലോമീറ്റർ അകലെയുള്ള തിരുവനന്തപുരം തൈക്കാട്ടെ ശാന്തികവാടത്തിലാണ് സംസ്കരം നടക്കുന്നത്. നെയ്യാറ്റിൻകരയിൽ വൈദ്യുതി ശ്മശാനം വേണമെന്നത് നാട്ടുകാരുടെ ഏറെനാളായുള്ള ആവശ്യമാണ്. നഗരസഭയുടെ ഭൂമിയിൽ വൈദ്യുതി ശ്മശാനം സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
മാറി വരുന്ന നഗരസഭാ കൗൺസിലുകൾ മാലിന്യ നിർമാർജ്ജന യൂണിറ്റിനും വൈദ്യുതി ശ്മശാനത്തിനുമായി ബഡ്ജറ്റിൽ തുക ഉൾക്കൊള്ളിക്കുമെങ്കിലും ഒന്നും നടക്കാറില്ല. തൊഴുക്കലിന് സമീപമുള്ള നഗരസഭയുടെ 60 സെന്റിൽ ശ്മശാനം സ്ഥാപിക്കാന്‍ അധികൃതർ ശ്രമിച്ചെങ്കിലും മതിയായ ഫണ്ടില്ലാത്തതിനാൽ ശ്രമം ഉപേക്ഷിച്ചു.
സഞ്ചരിക്കുന്ന ശ്മശാനം
മൊബൈൽ ക്രിമിയേഷൻ യൂണിറ്റ് വാങ്ങാൻ കഴിഞ്ഞ നഗരസഭാ കൗൺസിൽ തീരുമാനിച്ചിരുന്നു. അതിനായി ക്വട്ടേഷൻ ക്ഷണിച്ചെങ്കിലും തുടർ നടപടികളുണ്ടായില്ല. ചില സ്വകാര്യ സ്ഥാപനങ്ങൾക്ക് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മൊബൈൽ ശ്മശാനങ്ങളുണ്ട്.
ഇവിടെ ഉയർന്ന വാടക നൽകയും സംസ്കാരം നടത്തുന്നുണ്ട്. നഗരസഭ ഈ സംവിധാനത്തിനായി ശ്രമിച്ചെങ്കിലും ബഡ്ജറ്റിൽ മാറ്റി വച്ച തുക വക മാറ്റിയതോടെ എല്ലാം വെള്ളത്തിലായി. ശ്മശാനം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാനിന്റെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ ഉപവാസം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അന്ന്
ഫ്രാൻ പ്രസിഡന്റ് എൽ.ആർ.സി. നായരും ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാറും നൽകിയ നിവേദനം നഗരസഭാ സെക്രട്ടറിയുടെ മേശപ്പുറത്തുണ്ട്.