kovalam

കോവളം: വെങ്ങാനൂർ പഞ്ചായത്തിലെ കട്ടച്ചൽകുഴി തിരണിവിളയിൽ ഓമനയെ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം എങ്ങുമെത്താതെ നീളുകയാണ്. കഴിഞ്ഞ നവംബർ 27നാണ് ഓമനയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഒൻമ്പത് മാസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. മരണത്തിൽ ദുരൂഹത ഉന്നയിച്ച് ബന്ധുക്കൾ ബാലരാമപുരം പൊലീസിൽ നിരവധി തവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരിക്കുകയാണ്. മരിക്കുന്നതിന് കുറച്ചുദിവസം മുമ്പ് ഓമന ഉച്ചക്കടയിലെയും വെങ്ങാനൂരിലെയും ബാങ്കുകളിലെത്തി പണം പിൻവലിച്ചിരുന്നു. സംഭവ ദിവസം വീടിന്റെ മുൻവശത്തെ വാതിൽ അകത്തു നിന്ന് പൂട്ടിയിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. കട്ടിലിൽ കത്തിക്കരിഞ്ഞു കിടന്ന മൃതശരീരത്തിൽ നിന്ന് സ്വർണമാലയും വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും കാണാതായിരുന്നു. സംശയമുള്ള ഒന്നോ രണ്ടോ പേരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി പേരിന് ചോദ്യം ചെയ്തതല്ലാതെ വിശദമായ ഒരു അന്വേഷണവും നടന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എം.വിൻസന്റ് എം.എൽ.എയും ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിരുന്നു.